ചെന്നൈ: മലയാളത്തിലെ പ്രമുഖ സിനിമാ സംവിധായകനായ ഐ.വി.ശശി (69) അന്തരിച്ചു. ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണവിവരം അറിയിച്ചത്.

മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. അതിരാത്രം, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍, ദേവാസുരം തുടങ്ങി 150ഓളം സൂപ്പർഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തത്. 2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് ഐ.വി.ശശിയുടെ അവസാന സംവിധാന സംരംഭം. മോഹൻലാലിനെ നായകനാക്കി ഒരു ബിഗ്‌ ബജറ്റ് ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ച്‌ വരവിനുള്ള തയാറെടുക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഐ.വി.ശശിയുടെ വിയോഗമുണ്ടായിരിക്കുന്നത്.

ഇരുപ്പം വീട് ശശിധരൻ എന്നാണ് ഐ.വി.ശശിയുടെ മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. കലാ സം‌‌വിധായകനായിട്ടായിരുന്നു ഐ.വി.ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 1968ല്‍ എ.വി.രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ ആയിരുന്നു ഇത്. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹ സം‌വിധായകനായി പ്രവർത്തിച്ച അദ്ദേഹം 27-ാം വയസ്സിൽ ‘ഉത്സവം’ എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു.


(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ആലപ്പി ഷെറീഫിന്, പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയതും ഹിറ്റാക്കിയതും. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി.

മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട സിനിമയായ ‘അവളുടെ രാവുകൾ’ സംവിധാനം ചെയ്തത് ഐ.വി.ശശി ആയിരുന്നു. വൻ വിജയമായി മാറിയ ഈ ചിത്രം പല ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. ഭാര്യയായ സീമയെ കണ്ടുമുട്ടുന്നത് അവളുടെ രാവുകൾ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. അവർ ഏകദേശം മുപ്പതോളം സിനിമളിൽ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. രണ്ട് മക്കളുണ്ട്. കുടുംബത്തോടെ ചെന്നൈയിൽ ആണ് ഐ.വി.ശശി താമസിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ