കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. മാതൃഭൂമി ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകയായ യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്.

2015 ഡിസംബറിലാണ് കേസിന് കാരണമായ സംഭവമെന്ന് പരാതിയില്‍ പറയുന്നുണ്ട്. ആദ്യ വിവാഹബന്ധം വേർപെട്ടതിന് ശേഷമായിരുന്നു യുവതിയോട് അമൽ പ്രണയാഭ്യർത്ഥന നടത്തിയത്. ഇദ്ദേഹം ആശുപത്രിയിൽ അസുഖബാധിതനായി കഴിഞ്ഞ സമയത്ത് യുവതി ഇവിടെയെത്തി ഇദ്ദേഹത്തെ കാണാറുണ്ടായിരുന്നെന്നും അസുഖം ഭേദപ്പെട്ട ശേഷമാണ് അമൽ പ്രണയാഭ്യർത്ഥന നടത്തിയതെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പിതാവിന്റെ ചികിത്സയ്‌ക്കെന്ന പേരിൽ അമൽ , പരാതിക്കാരിയുടെ കൈയ്യിൽ നിന്നും പണം കടം വാങ്ങിയതായും ഇത് തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം സംഭവത്തിൽ അമൽ വിഷ്ണുദാസിനെ അന്വേഷണ വിധേയമായി മാതൃഭൂമി മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. ഈ വിഷയത്തിൽ പരാതിക്കാരിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കിയ മാതൃഭൂമി മാനേജ്മെന്റ് തങ്ങൾക്ക് പരാതി ലഭിച്ചില്ലെന്നും വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ