കൊച്ചി: അറിയപ്പെടുന്ന പരിസ്ഥിതിപ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫസർ എം.കെ.പ്രസാദ് (86) അന്തരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10.30ന് എറണാകുളം ഗിരിനഗറിലെ വസതിയിലെത്തിക്കും. തുടർന്ന് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു അദ്ദേഹം. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി 30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് പ്രിസിപ്പൽ, കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രകൃതി സംരക്ഷണ പ്രവർത്തനത്തിന് അടിത്തറ പാകിയ കേരള ശസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി എന്ന ക്യാമ്പയിനിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐആർടിസിയുടെ നിർമ്മാണത്തിന് ഊർജ്ജം നൽകിയത് അദ്ദേഹമായിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റുമായി ബന്ധപ്പെട്ടുള്ളതുമാണ് അവയിൽ പ്രധാനപ്പെട്ടവ.
Also Read: എംകെ പ്രസാദ് മാഷ് എന്ന ഒറ്റയാൾ പോരാളി
യുണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു, അതിലൊന്നാണ് വൈൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ പ്രവർത്തനങ്ങൾ. നിലവിൽ വയനാട്ടിലെ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സനും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലേയും സെന്റർ ഓഫ് എൻവയൺമെന്റ് എജ്യൂക്കേഷനിലെയും അംഗവുമായിരുന്നു പ്രൊഫ. എം.കെ.പ്രസാദ്. മഹാരാജാസ് മുൻ പ്രിൻസിപ്പളായ ഷേർളിയാണ് ഭാര്യ. അമൽ, അഞ്ജന എന്നിവരാണ് മക്കൾ.
പ്രൊഫ. എം.കെ.പ്രസാദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതാവായും സമരങ്ങളുടെ മാർഗദർശിയായും പ്രൊഫ.പ്രസാദ് ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഭാവനകളാണ് നൽകിയത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അദ്ധ്യാപകനെന്ന നിലയിലും ആദരം നേടിയ അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പരിസ്ഥിതി, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.