75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; തലയുയർത്തി ആരോഗ്യമേഖല

ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതുകൂടാതെയാണ് പുതുതായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ

family health centres, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, health department, cm pinarayi vijayan, iemalayalam, ഐഇ മലയാളം
മണീട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം

തിരുവനന്തപുരം: 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പന്ത്രണ്ടും കൊല്ലത്ത് അഞ്ചും പത്തനംതിട്ടയിൽ ആറും ആലപ്പുഴയിൽ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയിൽ ഒന്നും എറണാകുളത്ത് നാലും തൃശൂരിൽ പത്തൊൻപതും പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസർഗോഡും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നാടിന് സമർപ്പിച്ചത്.

ആർദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. ഇതുവരെ 461 ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ബാക്കിയുള്ള ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച രാവിലെ നിര്‍വഹിച്ചിരുന്നു.

മണ്ഡലാനുസരണം എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുത്തു. വട്ടിയൂര്‍ക്കാവ്, ജഗതി, കീഴാറ്റിങ്ങല്‍, കാട്ടാക്കട, കള്ളിക്കാട് ഓള്‍ഡ് (വീരണകാവ്), പനവൂര്‍, ആനാംകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂര്‍, കള്ളിക്കാട് ന്യൂ (നെയ്യാര്‍ ഡാം), ഇടവ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ ഉദ്ഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.

തൃശൂർ ജില്ലയിൽ കടങ്ങോട്, പാഞ്ഞാൾ, പൂമല, അടാട്ട്, മടക്കത്തറ, നടത്തറ, നാട്ടിക, വേലൂക്കര, അയ്യന്തോൾ, തൃക്കൂർ, വല്ലച്ചിറ, വരന്തരപ്പിള്ളി, എളവള്ളി, മേലൂർ, നാലുകെട്ട്, വെറ്റിലപ്പാറ, എടവിലങ്ങ്, ചാമക്കാല, വെമ്പല്ലൂർ എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതെന്ന് മന്ത്രി കെ കെ ശൈലജ കഴിഞ്ഞദിവസം പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യംവച്ചത്. രണ്ടാംഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തത്.

നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതുകൂടാതെയാണ് പുതുതായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനത്തിന് സജ്ജമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകീട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തു.

മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ ആരോഗ്യ വകുപ്പിനെ പുഴുവരിച്ചു എന്ന് പറയാനാകൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെ പുഴുവരിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തിലങ്ങനെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. എന്തിനും ഒരു വ്യത്യസ്തതയുണ്ടാകും. അത് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്നത് അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.5 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ ഇതേവരെ സ്വീകരിച്ച എല്ലാ നടപടികളും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശം കൂടി മാനിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വയമേവ വിദഗ്ധരാണെന്ന് ധരിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇങ്ങനെയൊരു വിദഗ്ധനെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണ്. വിദഗ്ധരാണെന്ന് പറയുന്നവര്‍ നാടിനെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളല്ല പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍, എന്തോ സര്‍ക്കാരിന്റെ ഭാഗത്ത് വല്ലാത്ത വീഴ്ച പറ്റിയോയെന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകേണ്ടെന്ന് കരുതിയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്. ആ പ്രസ്താവന ഇറക്കിയവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടങ്കില്‍ അങ്ങനെ പറഞ്ഞോളൂ. പക്ഷെ ഞങ്ങള്‍ ആരോഗ്യ വിദഗ്ധരാണെന്ന് പറഞ്ഞ് ആരോഗ്യ രംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നല്ല കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Family health centres inauguration today

Next Story
മന്ത്രി ഇ പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുEP Jayarajan, ഇപി ജയരാജൻ, CPM, LDF, UDF
The moderation of comments is automated and not cleared manually by malayalam.indianexpress.com