തൃശ്ശൂർ: കേരളത്തെ ഞെട്ടിച്ച് അങ്കമാലിയിൽ കൂട്ടക്കൊലപാതകം. അങ്കമാലി മൂക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വെട്ടിക്കൊന്നത്. എരപ്പ് സ്വദേശി ശിവൻ(60), ഭാര്യ വൽസ(53), മകൾ സ്‌മിത (36) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്.

കൊലപാതകത്തിന് ശേഷം നാട്ടുകാരെ വെട്ടിച്ച് കടന്നുകളഞ്ഞ ശിവന്റെ സഹോദരൻ ബാബുവിനെ പൊലീസ് പിടികൂടി. അങ്കമാലി പ്രദേശത്തും ചുറ്റുമുളള മേഖലകളിലും പൊലീസിന് വിവരം നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കൊരട്ടി പൊലീസിന്റെ പിടിയിലാണ് ബാബു കുടുങ്ങിയത്. രക്ഷപട്ടോടുന്നതിനിടെ വെളളത്തിൽ വീണ പ്രതിയെ പൊലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.

സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല. ശിവന്റെ മറ്റൊരു മകൾക്ക് ആക്രമണത്തിൽ മുറിവേറ്റിട്ടുണ്ട്. ഈ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാൻ പോവുകയാണെന്ന് പറഞ്ഞാണ് ബാബു മുങ്ങിയത്. കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന നാട്ടുകാർക്ക് ഇയാളെ തടഞ്ഞുവയ്ക്കാൻ സാധിച്ചതുമില്ല. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ മറ്റ് പൊലീസ് സ്റ്റേഷനുകൾക്ക് നൽകിയ വിവരമാണ് പ്രതിയെ മിനിറ്റുകൾക്കുളളിൽ പിടികൂടാൻ സഹായിച്ചത്.

പട്ടാപ്പകൽ നടന്ന കൊലപാതകം കൊച്ചി നഗരത്തെ ഞെട്ടിച്ചു. അപ്രതീക്ഷിതമായി നടന്ന ആക്രമണമായതിനാൽ വീട്ടിലുളളവർക്കാർക്കും ബാബുവിനെ തടയാൻ കഴിഞ്ഞില്ല. ബഹളം കേട്ട് ഇവിടേക്ക് നാട്ടുകാർ എത്തും മുൻപ് ബാബു കൃത്യം നടത്തിയിരുന്നു. ആർക്കും പിടികൊടുക്കാതെ നിമിഷനേരം കൊണ്ട് പ്രതി സ്ഥലം കാലിയാക്കുകയും ചെയ്തു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ