കണ്ണൂർ: രാജീവ് ചന്ദ്രശേഖർ എം.പിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വികെ സനോജാണ് ഡിജിപിക്ക് പരാതി നൽകിയത്. ആർ.എസ്.എസ് പ്രവർത്തകർ ആംബുലൻസ് തകർത്തതിനെ സി.പി.എം പ്രവർത്തകർ എന്ന പേരിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി.
പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിന് നേരെയാണ് ആക്രമണം നടന്നത്.

രോഗിയുമായി മെഡിക്കൽ കോളേജിലെത്തിയ ആംബുലൻസും മെഡിക്കൽ കോളേജിന്റെ ജനൽ ചില്ലുകളുമാണ് ബിജെപി പ്രവർത്തകർ തകർത്തത്. മോർച്ചറിയിൽ ബിജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്നതിനിടെയായിരുന്നു അക്രമം. ഒരു രോഗിയുമായി അത്യാഹിത വിഭാഗത്തിലേക്ക് എത്തിയ ആംബുലൻസാണ് പ്രകോപിതരായ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തകർത്തത്. ഇഷ്ടിക കല്ലുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സിപിഐം പ്രവര്‍ത്തകരുടെ പ്രവൃത്തി എന്ന അടിക്കുറിപ്പോടെ എംപി പ്രചരിപ്പിച്ചത്. എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗവുമാണ് രാജീവ് ചന്ദ്രശേഖര്‍.

ബംഗളൂരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവനാണ് രാജീവ് ചന്ദ്രശേഖര്‍. ജുപ്പീറ്റര്‍ ക്യാപിറ്റലിന്റെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും. നേരത്തെ ആര്‍എസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന ജുപ്പീറ്റര്‍ കാപ്പിറ്റലിന്റെ നിര്‍ദേശം ചര്‍ച്ചയായി മാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ