തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് നാല് പോർ കൂടി അറസ്റ്റില്‍. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് 32 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശി അജയൻ, വെള്ളമുണ്ട സ്വദേശി സി.വി.ഷിബു, കുന്നമംഗംലം സ്വദേശി ജസ്റ്റിൻ, പുൽപ്പള്ളി സ്വദേശി ബാബു, ഇരവിപേരൂർ സ്വദേശി രഘു എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കാപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Also Read: ‘പ്രാർത്ഥനകളിലും ഓർമ്മകളിലും എന്നും നിങ്ങളുണ്ട്’; കേരളത്തിനോട് കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജിതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുത് എന്ന തരത്തിൽ നിരവധി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ദുരിതാശ്വാസ നിധി സുതാര്യവും കൃത്യവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ അടക്കം കണക്ക് ബോധിപ്പിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അതിൽ സുതാര്യത കുറവില്ലെന്നും മറ്റ് പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക അതിന് മാത്രമാണ് ഉപയോഗിക്കുക. അത് മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.