കോഴിക്കോട്: കേരളത്തെ കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത് ഒരു വിഭാഗത്തിന്റെ പ്രധാന ജോലിയായിരിക്കുകയാണ്. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കൂട്ടർ ഇപ്പോൾ നടത്തുന്ന പ്രചരണം. ഇതിനെ തുടര്‍ന്ന് പലയിടത്തു നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങി തുടങ്ങിയെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പോലീസിന് പരാതിയും ലഭിച്ചു.

സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടേത് മുതല്‍ സംസ്ഥാനത്തിന് പുറത്ത് നടന്ന ചില സംഭവങ്ങളുടേതടക്കമുള്ള ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ തല്ലി കൊല്ലുന്നുവെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിലടക്കം നടക്കുന്ന പ്രചരണം.

ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ ഇത് പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ നാട്ടിലേക്ക് എത്തിയതോടെ മടങ്ങി ചെല്ലാന്‍ ആവശ്യപ്പെട്ട ബന്ധുക്കളുടെ ഫോണ്‍ വിളികളും നിരന്തരമായി എത്തുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട്ടെ ഹോട്ടല്‍ മേഖലയില്‍ നിന്ന് മാത്രം 200 ലധികം തൊഴിലാളികള്‍ മടങ്ങിയതായി ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ വിശദമാക്കി. വ്യാജ പ്രചരണം തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിനും ഇവര്‍ പരാതി നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.