ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി. ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
നിയമ പഠനം പൂർത്തിയാക്കാതെ വ്യാജ രേഖകൾ ഉപയോഗിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തെന്നാണ് ആലപ്പുഴ രാമങ്കരി സ്വദേശിയായ സെസി സേവ്യർക്കെതിരെയുള്ള കേസ്. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
നിയമബിരുദം നേടാതെ മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. രണ്ടുവര്‍ഷത്തോളമാണ് ഇവർ ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തത്. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും സെസി ജയിച്ചിരുന്നു. ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സെസിക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്നുമുള്ള അജ്ഞാത കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്.
യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും സെസി നൽകിയില്ല. തുർന്ന് ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കുകയും കേസ് നൽകുകയുമായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി സെസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. സെസി അടിയന്തരമായി കീഴടങ്ങണമെന്നും കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.