കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ് ചര്‍ച്ചയിലൂടെ പരിഹരിച്ചു കൂടെ എന്ന് ഹൈക്കോടതി. പ്രശ്നപരിഹാരത്തിന് മധ്യസ്ഥനെ വയ്ക്കുന്നതില്‍ ഇരുവിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടിയിട്ടുണ്ട്. മധ്യസ്ഥനായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിന്റെ പേരും കോടതി മുന്നോട്ടുവച്ചു.
തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടും ബിഷപ് ജേക്കബ് മനത്തോടത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവച്ചത്. കോടതി വാക്കാലുള്ള പരാമര്‍ശം മാത്രമാണ് ഇന്ന് നടത്തിയത്. മധ്യസ്ഥ ശ്രമത്തിനുള്ള നിര്‍ദേശം തന്റെ കക്ഷിയായ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി.
Read More: വ്യാജരേഖ കേസ്: കർദ്ദിനാളിനെതിരായ സർക്കുലർ പള്ളികളിൽ വായിച്ചു
ആലഞ്ചേരിക്കെതിരെ വിവിധ കോടതികളില്‍ 13 കേസുകള്‍ ഉണ്ടെന്നും പ്രതികള്‍ക്കെതിരെ ഒരു കേസ് മാത്രമാണുള്ളതെന്നും എല്ലാത്തിലും ഇതാണ് നിലപാടെങ്കില്‍ ആലോചിക്കാമെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കക്ഷികളോട് രേഖാമൂലമുള്ള നിലപാട് കോടതി തേടിയിട്ടില്ല. കേസ് ജൂണ്‍ 10 ലേക്ക് മാറ്റി.
വ്യാജരേഖ കേസിൽ പ്രതിയായ ആദിത്യന് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
വ്യാജരേഖാ കേസ് പിന്‍വലിക്കാമെന്ന ഉറപ്പ് ആലഞ്ചേരി പാലിച്ചില്ലെന്ന എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്റെ ലേഖനം സഭയില്‍ വിവാദമായിയിരുന്നു. അതിരൂപത അംഗമായ യുവാവ് ജോലിയുടെ ഭാഗമായി കണ്ടെത്തിയ രേഖ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കുകയും അത് രൂപത അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനന്തോടത്തിന് കൈമാറുകയും ചെയ്തു. പിന്നീട് ഈ രേഖകള്‍ സിനഡില്‍ അവതരിപ്പിച്ചു. രേഖകളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിന് പൊലീസില്‍ പരാതി നല്കി. എന്നാല്‍ ഫാ. പോള്‍ തേലക്കാട്ടിനെയും ഫാ. ജേക്കബ് മനന്തോടത്തിനെയും പ്രതികളാക്കി.