കൊച്ചി: വ്യാജരേഖ കേസിൽ വൈദികരെ പ്രതിയാക്കി പരാതി നൽകിയതിനെതിരെ സിറോ മലബാര്‍ സഭ വൈദികസമിതി. പരാതിക്ക് പിന്നിൽ ദുരുദ്ദേശമാണെന്നും വൈദിക സമിതി ആരോപിച്ചു. പരാതി നല്‍കിയ ഫാദര്‍ ജോബി മപ്രക്കാവിലിന് പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചുണ്ടെന്നും ആരോപണം ഉയർന്നു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടേതെന്ന പേരില്‍ ലഭിച്ച ബാങ്കിടപാട് രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ നല്‍കിയ പരാതിയാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്.  ബാങ്കിടപാട് പരിശോധിക്കാനാണ് സിനഡ്, ഇന്റർനെറ്റ് മിഷൻ ഡയറക്ടറായ ഫാ ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം രേഖകള്‍ ലഭിച്ച പോള്‍ തേലക്കാട്ടിനും ഇത് സിനഡിന് കൈമാറിയ ഫാദര്‍ ജേക്കബ് മനത്തേടത്തിനും എതിരെ പൊലീസില്‍ പരാതിയും മൊഴിയും നല്‍കി.

ഇതാണ് വൈദികസമിതിയിൽ പുതിയ തർക്കത്തിന് വഴിവച്ചത്. വൈദികരെ പ്രതിചേര്‍ത്ത് പൊലീസിൽ പരാതി നൽകിയത്, അക്രെസ്തവവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണെന്ന് വൈദിക സമിതി അഭിപ്രായപ്പെട്ടു. ഫാ ജോബി മപ്രക്കാവില്‍ സഭയുടെ സല്‍പേരു തകര്‍ക്കാന്‍ മനഃപൂര്‍വ്വം ശ്രമിച്ചുവെന്നാണ് കുറ്റപ്പെടുത്തൽ.

സഭയുടെ മാധ്യമ കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകള്‍,  ഫാദര്‍ ജോബിയെ വെള്ളപൂശുന്നതായിരുന്നുവെന്നും വൈദിക സമിതി ആരോപിക്കുന്നു. ഇതോടെ വ്യാജരേഖ കേസ് സഭയിൽ വരും ദിവസങ്ങളിൽ കൂടുതൽ തർക്കങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.