കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരികകെതിരെ വ്യാജ രേഖ ചമച്ച കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന കോടതി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് സീറോ മലബാര്‍ സഭ. സീറോ മലബാര്‍ സഭയ്ക്കു വേണ്ടി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സന്നദ്ധമല്ലെന്നു ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭ രംഗത്തെത്തിയത്.
വ്യാജ രേഖ കേസ് പിന്‍വലിക്കുന്നതിന് തീരുമാനമായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇത്തരം തെറ്റിദ്ധാരണകളുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
വ്യാജ രേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണെന്നും വ്യാജ രേഖ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഭാ സിനഡിന്റെ തീരുമാന പ്രകാരമായതിനാൽ സമവായത്തിനുള്ള ഏതൊരു നിര്‍ദേശവും പരിഗണിക്കുന്നത് സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ നടത്തുന്ന കൂടിയാലോചനകളിലൂടെ മാത്രമായിരിക്കുമെന്നും മീഡിയാ കമ്മീഷന്‍ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം വ്യാജ രേഖാ കേസിന്റെ പേരില്‍ സീറോ മലബാര്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും തമ്മിലുള്ള തുറന്ന പോരാട്ടം തുറന്ന യുദ്ധത്തിലേക്കു നീങ്ങുകയാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭാ തലവനായ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നതിനും വിശ്വാസികള്‍ സാക്ഷിയായി.
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ വൈദികര്‍ വിശ്വാസികള്‍ക്ക് വ്യാജ രേഖാ കേസുമായി ബന്ധപ്പെട്ട് അവബോധം നല്‍കുന്ന തിരക്കിലാണെന്ന് സഭാ വൃത്തങ്ങള്‍ പറയുന്നു. അതേസമയം വത്തിക്കാന്‍ നേരിട്ടു നിയമിച്ച എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്തിനെ കേസിലേക്കു വലിച്ചിഴച്ചില്‍ വത്തിക്കാന് അതൃപ്തിയുണ്ടൈന്നാണ് സൂചന. പ്രശ്‌ന പരിഹാരത്തിന് വത്തിക്കാന്‍ ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം വ്യാജരേഖ ചമച്ചുവെന്ന കേസിലെ മൂന്നാം പ്രതി ആദിത്യയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തെളിവു ശേഖരിക്കേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും ഇത് കോടതി തള്ളി.
ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.