തൃശ്ശൂർ: യുവമോർച്ച നേതാവും സംഘവും കള്ളനോട്ടുകൾ വ്യാപകമായി വിതരണം ചെയ്തത് തൃശ്ശൂർ നഗരത്തിലും ഇരിങ്ങാലക്കുടയിലുമെന്ന് പൊലീസ്. സംഘം അടിച്ചു എന്ന് കരുതുന്ന വ്യാജനോട്ടുകൾ അന്വേഷണ സംഘം ഇന്ന് കണ്ടെത്തി. ലോട്ടറി വൻതോതിൽ വാങ്ങാനായി ഏരാശേരി രാഗേഷ് കൊടുങ്ങല്ലൂരിൽ നൽകിയ നോട്ടുകളും പൊലീസ് കണ്ടെത്തി.
ഇതിനിടെ 50 രൂപയുടെ കള്ളനോട്ടുകൾ ഇവർ നിർമ്മിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആർക്കും സംശയം തോന്നാതിരിക്കാനാണ് 50 രൂപയുടെ കള്ളനോട്ടുകൾ അടിച്ചത് എന്നാണ് സൂചന. ഇവർ നിർമ്മിച്ച അഞ്ച് 50 രൂപ നോട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാജൻ ഒഴുകിയത് എവിടേയ്ക്കെല്ലാമാണെന്നും എത്രമാത്രം നോട്ടുകൾ പ്രതികൾ വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന വ്യക്തിയാണ് അറസ്റ്റിലായ രാഗേഷ്. ഇത് ഉപയോഗപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.