/indian-express-malayalam/media/media_files/uploads/2023/06/K-Vidhya.jpg)
കെ വിദ്യ
പാലക്കാട്: വ്യാജ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ വിദ്യക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. അഗളി ഡി വൈ എസ് പി ഓഫിസില്‍ വച്ചാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിദ്യയെ നിവില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതിയില്‍ ആശങ്കവേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
നിര്‍ജലീകരണമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാനുള്ള കാരണമെന്നാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം. കസ്റ്റഡിയിലിരിക്കെ വിദ്യ ആഹാരം കൃത്യമായി കഴിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അവശയായ വിദ്യയെ ആംബുലന്‍സിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് വരെ വിദ്യ ആശുപത്രിയില്‍ തുടര്‍ന്നേക്കും.
വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യയുടെ ഒളിത്താവളം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയായിരുന്നു സുഹൃത്തിന്റെ ഫോണിലൂടെയാണ് ഒളിവിൽ കഴിയവേ വിദ്യ വിവരങ്ങൾ അറിഞ്ഞത്.
ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വിദ്യയെ ഒളവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ല. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് അറിയിച്ചു.
ഒളിവിലായിരുന്ന എസ്എഫ്ഐ മുൻ നേതാവ് വിദ്യയെ കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി.
കോടതി ജൂലൈ ഏഴുവരെ വിദ്യയെ റിമാൻഡിൽ വിട്ടു. വിദ്യയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ ജൂൺ 24 ന് വീണ്ടും പരിഗണിക്കും.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ വിദ്യ ഒളിവിൽ പോയിരുന്നു. കേസെടുത്ത് 16-ാം ദിവസമാണ് വിദ്യ പിടിയിലായത്. അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി അടുത്തയാഴ്ച മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us