എറണാകുളം: ‘ആലുവ റെയില്‍വേ സ്റ്റേഷന്‍ ബോംബ് വച്ച് തകർക്കാൻ പോകുന്നു’ ഇന്നലെ രാത്രി ലഭിച്ച ഫോണ്‍ സന്ദേശം മണിക്കൂറുകളോളം പൊലീസിനെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തി. കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. പേര് രാജപ്പനാണെന്നും സുഹൃത്ത് തങ്കപ്പന്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കാന്‍ ബോംബുമായി എത്തിയിട്ടുണ്ടെന്നും സ്റ്റേഷന്‍ ഉടന്‍ തകര്‍ക്കുമെന്നുമായിരുന്നു സന്ദേശം.
സന്ദേശം കിട്ടിയ ഉടനെ പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും വിളിച്ച് വരുത്തി പരിശോധന തുടര്‍ന്നു. പെട്ടന്നുണ്ടായ പരിശോധ സ്റ്റേഷനിലെ യാത്രക്കാരെയും ആശങ്കയിലാക്കി.
ഇതിനിടയിലാണ് സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ കോതമംഗലം സ്വദേശിനിയുടെ പേരിലുള്ളതാണ് സിംകാര്‍ഡെന്ന് കണ്ടെത്തി. യുവതിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ശരിക്കും ഞെട്ടിയത്. മണിക്കൂറുകളോളം പൊലീസിനെ കറക്കിയത് അഞ്ച് വയസുകാരനായിരുന്നു.
യുവതിയുടെ മകനായിരുന്നു ‘ബോംബു സന്ദേശം’ കണ്‍ട്രോള്‍ റൂമിന് നല്‍കിയതെന്ന് വ്യക്തമായി. കുട്ടിയാണെന്ന പരിഗണന നല്‍കി പൊലീസ് കേസെടുത്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.