കൊച്ചി:കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടത്തണമെന്ന് നിര്‍ദേശിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് ആശുപത്രി രേഖകളടക്കം ഉപയോഗിക്കപ്പെട്ടു എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
ആ ആശുപത്രിയില്‍ ജനിക്കാത്ത കുഞ്ഞിന്റെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് എന്തിനാണെന്നും കുഞ്ഞിന്റെ വിവരങ്ങളും മറ്റും അന്വേഷിക്കുമെന്നും തുടരന്വേഷണത്തില്‍ കൂടുതല്‍ കുറ്റക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ ആരെല്ലാം ഉള്ളത് എന്നെല്ലാം പരിശോധിക്കണം എന്നെല്ലാം മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ സൂപ്രണ്ട് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനായ അഡ്മിനിസ്ട്രേറ്റീവ് അസി. എ. അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐ.പി നമ്പര്‍ സംഘടിപ്പിച്ചതുമെല്ലാം അനില്‍കുമാറാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. എന്നാല്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് അനില്‍ കുമാറിന്റെ ആരോപണം.