കൊച്ചി: സീറോ മലബാർ സഭ വ്യാജ രേഖ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. സിറോ മലബാർ സഭയിലെ ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന് പൊലീസിന് മൊഴി നല്കി. ഇയാളെ ഈ മാസം 31 വരെ റിമാന്റ് ചെയ്തു
ഒരു വൈദികന് ആവശ്യപ്പെട്ടത് പ്രകാരമാണ് വ്യാജ രേഖ ചമച്ചത്. തേവരയിലെ ഒരു കടയില്‍ വെച്ചാണ് വ്യാജരേഖ ചമച്ചത്. കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചനയില്‍ ഫാ. ടോണി കല്ലൂക്കാരനെതിരെ അന്വേഷണം നടക്കുകയാണ്. വ്യാജരേഖ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു.
സീറോ മലബര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്നാണ് കേസ്. മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ പേരിലുള്ള രണ്ട് രഹസ്യ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് കാണിക്കുന്ന രേഖകള്‍ വ്യാജമായി നിര്‍മിച്ചുവെന്നാണ് പരാതി. ലുലു മാരിയറ്റ് ഹോട്ടലില്‍ ക്ലബ് മെമ്പര്‍ഷിപ്പിനായി കര്‍ദിനാളടക്കം എട്ടു മെത്രാന്മാര് യോഗം ചേരുകയും പണം കൈമാറുകയും ചെയ്തെന്ന രേഖകളും കൃത്രിമമായി തയ്യാറാക്കി. രേഖകള്‍ വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തലിക് അഡമിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് വഴി സഭാ സിനഡില്‍ ഹാജരാക്കിയെന്നാണ് ആക്ഷേപം. പിന്നാലെ സഭാ സിനഡിന് വേണ്ടി സഭയുടെ ഇന്റര്‍നെറ്റ് മിഷന് ഡയറക്ടറായ വൈദികന് ജോബി മാപ്രക്കാവില്‍ പൊലീസില്‍ പരാതി നല്കി. ഈ പരാതിയില്‍ പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയും ബിഷപ്പ് ജേക്കബ് മനത്തോടെത്തിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് സഭയ്ക്കകത്ത് കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ക്കാണ് വഴിതുറന്നത്.