കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കല്‍ ഐജി ലക്ഷ്മണുമായി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. പരാതിക്കാരനായ എം.ടി.ഷംമീറിനോട് മോന്സണ് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തു വിട്ടു. ഐജി ലക്ഷ്മണിനെ മോന്സണ് ഹൈദരാബാദില്‍ ചെന്ന് നേരില്‍ കാണുകയും ഇരുവരും പിന്നീട് നാണ്യവിനിമയ നിയമത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോയതായും പരാതിക്കാര്‍ അന്വേഷണ സംഘത്തിനു മൊഴി നല്കി.
കോടികളുടെ പണമിടപാട് സംബന്ധിച്ചുള്ള സംസാരവും വീഡിയോയിലുണ്ട്. ജോര്‍ജ് 4.60 കോടി രൂപ തന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ നമ്മുടെ കാശ് കൈയില്‍ വരുമെന്ന് മോന്സണ് എം.ടി. ഷംമീറിനോട് പറയുന്നതായി ദൃശ്യത്തില്‍ കാണാം. ഐജി ലക്ഷ്മണനെന്ന് മോന്സണ് പറയുന്നയാളുമായി ഫോണില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹൈദരാബാദില്‍ വന്ന് കാണുകയും പിന്നീട് ഡല്‍ഹിയിലേക്ക് ഒരുമിച്ച് പോകാമെന്നും മോന്സണ് ഫോണിലൂടെ പറയുന്നുണ്ട്.
പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെതിരായ കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടിസ് നല്കി. കേസിലെ ഐജിയുടെ ഇടപെടല്‍ മനസിലാക്കിയ ഉടന്‍ തന്നെ നോട്ടിസ് നല്‍കിയിരുന്നെന്നും പൊലീസ് വിശദീകരിച്ചു.
2010 ലാണ് ആലപ്പുഴ എസ്പിയില് നിന്ന് ചേര്‍ത്തല സിഐയിലേക്ക് മോന്‍സണിനെതിരായ കേസിന്റെ അന്വേഷണ ചുമതല മാറ്റിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നല്‍കിയത് സോഷ്യല്‍ പൊലീസിന്റെ ചുമതലയുള്ള ഐജി ലക്ഷ്മണയാണ്. തുടര്‍ന്ന് ഒക്ടോബര്‍ 16 നാണ് എഡിജിപി നോട്ടീസ് നല്കിയതും അന്വേഷണം മാറ്റി നല്കിയ നടപടി തിരുത്തിയതും.
ഞായറാഴ്ചയാണ് പുരാവസ്തു വില്പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.