കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോന്സണ് മാവുങ്കലിനെതിരായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. രണ്ട് ദിവസമെടുത്താണ് ക്രൈം ബ്രാഞ്ച് സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. മോന്സണ് താമസിച്ചിരുന്ന വീടുകളില്‍ നിന്ന് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം.
മോന്‍സണിന്റെ തിരുമ്മല്‍ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മോന്‍സണിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മൊഴി പ്രകാരം മോന്‍സണിന്റെ ജീവനക്കാരും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.
2019 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് അന്ന് 17 വയസായിരുന്നു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള് പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.
നിലവില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ക്രൈം ബ്രാഞ്ചാണ് മോന്‍സണെതിരായ കേസുകള്‍ അന്വേഷിക്കുന്നത്. പോക്സോ കേസും ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരാവസ്തു തട്ടിപ്പ് കേസില്‍ ആലപ്പുഴ സ്വദേശിയായ മോന്സണ് പിടിയിലാകുന്നത്.