കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ കുറ്റാരോപിതന്‍ മോൺസണ്‍ മാവുങ്കലിന് ഏതെങ്കിലും തരത്തിലുള്ള വിദേശബന്ധം ഇതുവരെ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലന്ന് ക്രൈം ബ്രാഞ്ച് കേരള ഹൈക്കോടതിയെ അറിയിച്ചു. തട്ടിപ്പുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടന്നതിന് അന്വേഷണത്തിൽ തെളിവ് ലഭിച്ചിട്ടില്ലന്നും ക്രൈം ബ്രാഞ്ച് സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
വിദേശ മലയാളി സംഘടനയുടെ ഭാരവാഹി അനിത പുല്ലയിലിന് 2019 -20 കാലയളവിൽ മോൺസണുമായി സൗഹൃദമുണ്ടായിരുന്നുവെന്നും ഇപ്പോൾ ശത്രുതയിലാണന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മോൺസണ്‍ വിദേശയാത്ര നടത്തിയിട്ടില്ലന്നും ഇന്ത്യൻ പാസ്പോർട്ടില്ലന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
മോൺസണുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരു ഐജിയും എസ്ഐയും സസ്പെൻഷനിലാണ്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. മോൻസണെതിരെ സാമ്പത്തീക തട്ടിപ്പും പോക്സോയടക്കം ഇരുപതോളം കേസുകളുണ്ടന്നും പോക്സോ കേസുകളിൽ കോടതിയിൽ കുറ്റപത്രം നൽകിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു.
കേസിൽ ക്രൈം ബ്രാഞ്ച് സഹകരിക്കുന്നില്ലന്ന എൻഫോഴ്‌സ്മെന്റിന്റെ ആരോപണം ശരിയല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര ഏജൻസി ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുണ്ടന്നും തുടർന്നും വിവരങ്ങൾ കൈമാറുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റിന്റെ മറുപടിക്കായി കേസ് മാറ്റി.
Also Read: സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനിലേക്ക്; ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം