മലപ്പുറം: കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ പുല്ലൂണി ഫൈസല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ആര്‍എസ്എസ് തിരൂര്‍ സഹ കാര്യവാഹക് മഠത്തില്‍ നാരായണനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം രണ്ടു മാസത്തിലേറെ ഒളിവിലായിരുന്ന നാരായണന് ചൊവ്വാഴ്ച വൈകീട്ട് അന്വേഷണ സംഘം മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്ന് അന്വേഷണ സംഘം തലവന്‍ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ് സി.കെ.ബാബു പറഞ്ഞു. 1998-ല്‍ തിരൂരില്‍ മതം മാറിയ യാസിര്‍ വധക്കേസിലും ഒന്നാം പ്രതിയായിരുന്നു നാരായണന്.
ഫൈസല്‍ വധക്കേസിലെ മറ്റൊരു പ്രധാന പ്രതിയായ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), ഇദ്ദേഹത്തെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെ ക്രൈംബ്രാഞ്ച് മൈസൂരിന് സമീപം തിങ്കഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നാരായണന്റെ കീഴടങ്ങല്‍. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തിലുള്‍പ്പെട്ട ബിബിന്‍ സംഭവ ശേഷം ദുബായിലേക്ക് മുങ്ങി പിന്നീട് നാട്ടിലേക്ക് തിരിച്ചുവരികയും മൈസൂരിലെ ഒരു ഫാമില്‍ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിബിന്റെ പാസ്പോര്‍ട്ടും പൊലീസ് കണ്ടെടുത്തു.
കൃത്യം നിര്‍വഹിച്ചവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമടക്കം കേസിൽ 15 ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരാണ് ഇതുവരെ പൊലീസ് അറസ്റ്റിലായത്. ഇവരില്‍ ഫൈസലിന്റെ കുടുംബാംഗങ്ങളുമുണ്ട്. ഫൈസലും കുടുംബവും മതം മാറി മുസ്ലിം ആയി ആറു മാസങ്ങള്‍ക്കു ശേഷമാണ് ദാരുണമായ ഈ കൊല. സംഭവം നടന്ന് ഒരാഴ്ചക്കകം തന്നെ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സംഘത്തിലെ പ്രമുഖര്‍ ഒളിവില്‍ പോയി. കേസില്‍ പൊലീസ് ആര്‍എസ്എസിനെ സംരക്ഷിക്കുന്നുവെന്ന പരാതി ഉയരുകയും തിരൂരങ്ങാടി എംഎല്‍എ പി.കെ.അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ കൊടിഞ്ഞിയിലെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അന്വേഷണ സംഘത്തെ മാറ്റി മലപ്പുറം ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചത്. ആഴ്ചകള്‍ക്കകം തന്നെ പ്രധാന പ്രതികളെല്ലാം ക്രൈം ബ്രാഞ്ച് വലയിലാകുകയും ചെയ്തു.
2016 നവംബര്‍ 19-ന് പുലര്‍ച്ചെയാണ് ഫൈസല്‍ എന്ന അനില്‍ കുമാര്‍ തിരൂരില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചു വര്‍ഷമായി സൗദി അറബ്യയില്‍ ജോലി ചെയ്തു വരികയായിരുന്ന ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ചു പോകുന്ന ദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. യാത്രയയ്ക്കാന്‍ തിരുവനന്തപുരത്തു നിന്നും ട്രെയിൻ മാര്‍ഗം താനൂരിലെത്തിയ ഭാര്യാപിതാവിനേയും അമ്മയേയും കൂട്ടാന്‍ സ്വന്തം ഓട്ടോ എടുത്ത് തിരിച്ചതായിരുന്നു ഫൈസല്‍.