മലപ്പുറം: മതം മാറിയതിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍ എസ് എസ്- വി എച്ച് പി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസില്‍ ഗൂഢാലോചനാ കുറ്റാരോപിതരായ കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് പുല്ലാണി വിനോദ്, മാതൃസഹോദരീ പുത്രന്‍ പുല്ലാണി സജീഷ് എന്നിവരുള്‍പ്പെടെ ആദ്യം അറസ്റ്റിലായ എട്ടു പേരേയും മൂന്ന് മുഖ്യപ്രതികളേയുമാണ് വെള്ളിയാഴ്ച കോടതി ജാമ്യത്തില്‍ വിട്ടത്. ഒരു ലക്ഷം രൂപ വീതമുള്ള രണ്ടാള്‍ജാമ്യത്തിലാണ് നടപടി. പ്രതികള്‍ക്ക് മലപ്പുറം ജില്ല വിട്ടുപോകാന്‍ അനുമതി ഇല്ല. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.
കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ എല്ലാ ബുധനാഴ്ച്ചകളില്‍ 10 നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി ഒപ്പു വയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു തവണ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
കൃത്യം നിര്‍വഹിച്ച നാലംഗ സംഘത്തിലുള്‍പ്പെട്ട വള്ളിക്കുന്ന് അത്താണിക്കല്‍ പല്ലാട്ട് ശ്രീജേഷ് (26), തിരൂര്‍ പുല്ലൂണി സ്വദേശികളായ കണക്കന്‍ പ്രജീഷ് (30), തടത്തില്‍ സുധീഷ് കുമാര്‍ (25) എന്നിവരാണ് ജാമ്യം ലഭിച്ച പ്രധാന പ്രതികള്‍. ഫൈസലിന്റെ ബന്ധുക്കളായ വിനോദ് (39), സജീഷ് (32) എന്നിവരെ കൂടാതെ ചാനത്ത് സുനില്‍ (39), പുളിക്കല്‍ ഹരിദാസന്‍ (30), പുളിക്കല്‍ ഷാജി (39), പരപ്പനങ്ങാടിയിലെ വി എച്ച് പി പ്രവര്‍ത്തകനും മുന്‍ സൈനികനുമായ കോട്ടയില്‍ ജയപ്രകാശ് (50), കളത്തില്‍ പ്രദീപ് (32), പള്ളിപ്പടി ലിജീഷ് (27) എന്നിവരാണ് ജാമ്യം ലഭിച്ച ഗൂഢാലോചനാ കുറ്റാരോപിതര്‍.
ഇക്കഴിഞ്ഞ നവംബര്‍ 19ന് പുലര്‍ച്ചെ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഭാര്യയുടെ മാതാപിതാക്കളെ കൂട്ടാന്‍ സ്വന്തം ഓട്ടോയില്‍ പോകുന്നതിനിടെയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. തിരൂരില്‍ നിന്നെത്തിയ കണക്കന്‍ പ്രജീഷ്, ബിപിന്‍ ദാസ്, തടത്തില്‍ സുധീഷ് കുമാര്‍, പല്ലാട്ട് ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലെത്തി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ കുടുംബാംഗങ്ങളേയും മതം മാറ്റിയാല്‍ വധിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നതായി ഫൈസലിന്റെ അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മകന്റെ കൊലപാതകത്തിന് ശേഷം ഇവരും ഇസ്ലാം മതം സ്വീകരിച്ചു.