തിരുവനന്തപുരം: പോണ്ടിച്ചേരി വ്യാജ റജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് വിട്ടയച്ചു. കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുളളതുകൊണ്ടാണ് വിട്ടയച്ചത്. ആൾ ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമാണ് ഫഹദിനെ വിട്ടയച്ചത്. അതേസമയം, ക്രൈംബ്രാഞ്ചിനോട് ഫഹദ് കുറ്റം സമ്മതിച്ചു. അറിയാതെ പറ്റിയ തെറ്റാണെന്നും താൻ അറിഞ്ഞുകൊണ്ടല്ല റജിസ്ട്രേഷൻ നടന്നതെന്നും ഫഹദ് പറഞ്ഞു. എത്ര രൂപ പിഴ അടയ്ക്കാനും തയാറാണെന്നും ഫഹദ് പറഞ്ഞു.

കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഫഹദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഫഹദ് ഫാസിൽ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായത്.

സമാനമായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സുരേഷ് ഗോപിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് അദ്ദേഹവും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. കഴിഞ്ഞ ദിവസം കോടതി സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞു.

ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുതുച്ചേരി ആർടി ഓഫിസിലെ രേഖകളിൽ നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന വിലാസമാണ് ഫഹദ് നൽകിയിരിക്കുന്നത്. വ്യാജ മേൽവിലാസത്തിൽ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത ആഡംബര കാർ കേരളത്തിൽ ഫഹദ് ഫാസിൽ തുടർച്ചയായി ഉപയോഗിക്കുകയായിരുന്നു. നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ