കോട്ടയം: ഉൾപ്പോരിൽ ഉലയുന്ന യാക്കോബായ സഭയുടെ കേരള ഘടകത്തിലും പൊട്ടിത്തെറി പുറത്തേയ്ക്ക്. അങ്കമാലി ഭദ്രാസനത്തിനു കീഴിലുള്ള കോതമംഗലം മേഖലാ സഹായ മെത്രാപ്പോലീത്തയായ കുര്യാക്കോസ് മാര്‍ യൗസേബിയോസിനെതിരായാണ് നടപടി ഉണ്ടായിരിക്കുന്നത്.

ഇദ്ദേഹത്തെ ഭദ്രാസാന ചുമതലകളില്‍ നിന്നു നീക്കി യാക്കോബായ സഭാ തലവനായ പാര്‍ത്രിയാര്‍ക്കീസ് ബാവ കല്‍പ്പന പുറപ്പെടുവിച്ചതായാണ് ആദ്യ വിവരം. സഹായ മെത്രാപ്പൊലീത്തയുടെ ചില നടപടികളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ മേലാണ്
പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ നടപടിയുണ്ടായതെന്നാണ് യാക്കോബായ സഭയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മൂന്ന് വർഷം മുമ്പ് തൃശൂര്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചിരുന്നകാലത്ത് ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായിരുന്നു. അന്നും ചില പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

മെത്രാനെതിരേ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. മെത്രാപ്പോലീത്തയെ മാറ്റിയതുമായി ബന്ധപ്പെട്ട പാര്‍ത്രിയാര്‍ക്കീസിന്റെ കല്‍പ്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് വിവരം. സഭയുടെ അന്തസിനും ഭരണഘടനയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ത്രിയാര്‍ക്കീസ് ബാവ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം അരക്കിട്ടുറപ്പിക്കുന്നതാണ് മെത്രാപ്പോലീത്തയ്‌ക്കെതിരായ നടപടി.

പുതിയ മെത്രാപ്പോലീത്തയെ കോതമംഗലം മേഖലയില്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാതോലിക്കാ ബാവയുമായി ആലോചിച്ചശേഷം പാര്‍ത്രിയാര്‍ക്കീസ് ബാവ തീരുമാനിക്കുമെന്നാണ് സൂചന. അതേസമയം കേരളത്തിലെ സഭാ നേതൃത്വത്തിലെ ചിലര്‍ക്ക് മാര്‍ യൗസേബിയോസ് അനഭിമതനായതാണ് നടപടിക്കു വഴിവച്ചതെന്നും പറയപ്പെടുന്നു.

അടുത്തിടെ നടത്തിയ ലെബനന്‍ സന്ദര്‍ശനത്തിനിടെ കേരളത്തിലെ സഭാ നേതൃത്വത്തെക്കുറിച്ച് യൗസേബിയോസ് പാര്‍ത്രിയാര്‍ക്കീസിനു മുന്നില്‍ പരാതി അറിയിച്ചിരുന്നു. ഇതറിഞ്ഞാണ് കേരളത്തിലെ നേതൃത്വം പാര്‍ത്രിയാര്‍ക്കീസിനെക്കൊണ്ടുതന്നെ നടപടിയെടുപ്പിക്കുന്ന തരത്തില്‍ കരുക്കള്‍ നീക്കിയതെന്നും യൗസേബിയോസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അടുത്തിടെ വിദേശത്തുള്ള ആറു മെത്രാപ്പോലീത്തമാരെ പാര്‍ത്രിയാര്‍ക്കീസ് ബാവ സസ്‌പെന്‍ഡു ചെയ്തിരുന്നു.

മോര്‍ ക്ലീമിസ് യൂജിന്‍ കപ്ലാന്‍ (പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് വെസ്റ്റേണ്‍ യുഎസ്എ), മോര്‍ സേവേറിയോസ് മല്‍ക്കി മുറാദ്(പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് ഇസ്രയേല്‍, ജോര്‍ദാന്‍, പാലസ്തീന്‍), മോര്‍ സേവേറിയോസ് സസില്‍ സൗമി(പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് ബെല്‍ജിയം, ഫ്രാന്‍സ്, ലക്സംബര്‍ഗ്), മോര്‍ മിലിത്തിയോസ് മല്‍ക്കി മല്‍ക്കി (പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് ഓസ്ട്രേലിയ ആന്‍ഡ് ന്യൂസിലന്‍ഡ്) ബെര്‍ക്കുലോമസ് നഥാനിയേല്‍ (പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് അറേബ്യന്‍ ഗള്‍ഫ്) മോര്‍ ഇസ്താത്തിയോസ് മക്കാറോ മക്കാറൂഹ (മുന്‍ ആര്‍ച്ചുബിഷപ്പ് നസ്രായീല്‍, സിറിയ) എന്നിവരാണ് സസ്പെന്‍ഡു ചെയ്യപ്പെട്ട മെത്രാപ്പോലീത്തമാര്‍. സസ്‌പെന്‍ഡു ചെയ്യപ്പെട്ട മെത്രാപ്പോലീത്തമാര്‍ പിന്നീട് പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്കു മുമ്പില്‍ മാപ്പപേക്ഷ നല്‍കിയെങ്കിലും ഇതു തല്‍ക്കാലം പരിഗണിക്കേണ്ടതില്ലായെന്നാണ് സൂനഹദോസ് നിലപാടെടുത്തത.് പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരേ വിമത പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യയിലെ സഭയില്‍ നിന്നു സഹായം ഉണ്ടായെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പാര്‍ത്രിയാര്‍ക്കീസ് ബാവ ഈ വിഷയവും വിശദമായി പഠിക്കുന്നുണ്ടൈന്നാണ് സൂചന.

അടുത്തിടെ കേരളത്തില്‍ നിന്നുള്ള 14 മെത്രാപ്പോലീത്തമാര്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയെ കാണാനെത്തിയിരുന്നു. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു തയാറാക്കിയ സൂനഹദോസ് തീരുമാനങ്ങക്ക് അനുമതി തേടി മെത്രാപ്പോലീത്തമാര്‍ പാര്‍ത്രിയാര്‍ക്കീസിനെ കണ്ടെങ്കിലും തല്‍ക്കാലം ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ത്രിയാര്‍ക്കീസ് മെത്രാപ്പോലീത്തമാരുടെ സംഘത്തിന് യാതൊരു ഉറപ്പും നല്‍കാതെ തിരിച്ചയക്കുകയായിരുന്നു.

കേരളത്തിലെ സഭയിലുള്ള ഒരാളിനെതിരേ പരാതി കിട്ടിയപ്പോള്‍ തന്നെ നടപടിയെടുത്തതോടെ കേരളത്തിലെ കാര്യങ്ങള്‍ പാര്‍ത്രിയാര്‍ക്കീസ് കൃത്യമായി മനസിലാക്കുന്നുണ്ടെന്നും സഭാ പാരമ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പുറത്തു പോകേണ്ടി വരുമെന്നുമുള്ള സൂചനയാണ് ഇതുനല്‍കുന്നതെന്നും സഭയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിവിധ സംഭവവികാസങ്ങളുടെ പേരില്‍ സഭയുടെ പേര് പൊതുസമൂഹത്തിന് മുന്നില്‍ മോശമാകുന്നതില്‍ ഭൂരിഭാഗം വിശ്വാസികളും ആശങ്കാകുലരാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ