കോഴിക്കോട്: പോലൂർ കൊലപാതകത്തിൽ മരിച്ചയാളുടെ തലയോട്ടി ഉപയോഗിച്ച് സൃഷ്‌ടിച്ച രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. രണ്ടര വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാനുള്ള അവസാനവട്ട ശ്രമമാണ് അന്വേഷണസംഘം നടത്തുന്നത്.

കോഴിക്കോട് പോലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മരിച്ചയാളെ തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് മുഖചിത്രം പുറത്തുവിട്ടത്. സംസ്ഥാനത്താദ്യമായി ഫേഷ്യല്‍ റീ ക്രിയേഷന്‍ സംവിധാനത്തിലൂടെയുണ്ടാക്കിയ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മരിച്ചയാളെ കണ്ടെത്താൻ സാധിക്കുമെന്നും അതുവഴി കൊലപാതകത്തെ കുറിച്ച് വ്യക്തത ലഭിക്കുമെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

Read Also: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; കാറ്റ്, ഇടിമിന്നൽ മുന്നറിയിപ്പ്

2017 സെപ്റ്റംബർ 14 നാണ് കോഴിക്കോട് പറമ്പിൽ ബസാർ പോലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കയറിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതോടെയാണ് മരണം കൊലപാതാകമാണെന്ന് അന്വേഷണസംഘത്തിനു വ്യക്തമായത്.

ചേവായൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് എങ്ങും എത്തിയില്ല. തുടർന്ന് 2018 ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഫേഷ്യൽ റീ കൺസ്‌ട്രേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് മരിച്ചയാളുടെ രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കുകയായിരുന്നു. ഇയാളെ കുറിച്ച് അറിയുന്നവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് ക്രൈംബ്രാഞ്ച് ഐജി ഇ.ജെ.ജയരാജ് പറഞ്ഞു.

Read Also: ജില്ലയ്‌ക്കകത്ത് ബസ് സർവീസ്, ഓട്ടോയ്‌ക്കും അനുമതി; യാത്രക്കാർക്ക് മാസ്‌ക് നിർബന്ധം

നാൽപ്പത് വയസ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം. ഇതൊരു പുരുഷനാണ്. ഇക്കഴിഞ്ഞ മാർച്ച് 13 നാണ് വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് ഫേഷ്യൽ റീ ക്രിയേഷൻ സംവിധാനം ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കുകയായിരുന്നു. രണ്ടരമാസം കൊണ്ടാണ് മുഖചിത്രം തയ്യാറാക്കിയത്. മരിച്ചയാളെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം ഇപ്പോൾ. രണ്ടര വർഷത്തിലേറെയായി നിലനിൽക്കുന്ന ദുരൂഹത നീക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ചും പൊലീസും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook