തിരുവനന്തപുരം: കേരളത്തിന് അഭിമാനിക്കാന്‍ മറ്റൊരു അവസരമൊരുക്കി തന്നിരിക്കുകയാണ് ടൂറിസം വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫെയ്സ്ബുക്ക് പേജിനുള്ള റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരള ടൂറിസത്തിന്റെ പേജ്. 15 ലക്ഷം ലൈക്കുകളുമായാണ് കേരള ടൂറിസം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
കായലും, കടലും, വിശാലമായ മലനിരകളുമുള്ള കേരള ടൂറിസത്തിന്റെ പേജ് ജമ്മു കശ്മീരിനെയും ഗുജറാത്തിനെയും പിന്തള്ളിയാണ് ഒന്നാം സ്ഥാനക്കാരായത്. ജമ്മു കശ്മീര്‍ രണ്ടാം സ്ഥാനത്തും ഗുജറാത്ത് ടൂറിസം മൂന്നാം സ്ഥാനത്തുമാണ്. വ്യാഴാഴ്‌ച പുറത്തിറക്കിയ ഔദ്യോഗിക പത്ര കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള വിദേശ സഞ്ചാരികളുടെ അഭിപ്രായങ്ങള്‍, ഷെയറുകള്‍, പ്രതികരണങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഫെയ്സ്ബുക്ക് റാങ്കിങ് നടത്തുന്നത്. 1.5 ദശലക്ഷം ലൈക്കുകള്‍ നേടിക്കൊണ്ടാണ് കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ടോപ് റാങ്കില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ വിവരങ്ങളും അടുത്തിടെ ഫെയ്സ്ബുക്ക് പുറത്തു വിട്ടിരുന്നു.
ഫെയ്സ്ബുക്കിന്‍റെ ഡല്‍ഹിയിലുള്ള ഓഫീസിലെത്തിയ കേരള ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പുരസ്കാരം ഏറ്റു വാങ്ങി. ഫെയ്സ്ബുക്കിന്‍റെ ഇന്ത്യന്‍ പബ്ലിക് പോളിസി മാനേജരായ നിതിന്‍ സലുജ ആയിരുന്നു സമ്മാനം നല്‍കിയത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്യോഗസ്ഥരെ അനുമോദനങ്ങള്‍ അറിയിച്ചു.
“എന്തുകൊണ്ടാണ് ഏതൊരു യാത്രക്കാരന്‍റെയും പട്ടികയില്‍ കേരളത്തിനൊരു സ്ഥാനം ഉണ്ടാകേണ്ടതെന്ന് കാണിച്ചുകൊടുക്കുന്നതില്‍ നമ്മള്‍ വിജയിച്ചിരിക്കുന്നു”, ടൂറിസം സെക്രട്ടറിയായ റാണി ജോർജ് മാധ്യമങ്ങളോട് സംസാരിക്കവേ പങ്കുവച്ചു. കേരളത്തിന്‍റെ സൗന്ദര്യം ടൂറിസം വകുപ്പിന്‍റെ സമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ നമുക്ക് സാധിച്ചു.
വളരെ ശ്രദ്ധാപൂര്‍വമാണ് ഫെയ്സ്ബുക്കിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ഇന്ത്യയിലും പുറത്തുനിന്നും വരുന്ന സഞ്ചാരികളെ ടൂറിസം വകുപ്പിന്‍റെ ഫെയ്സ്ബുക്ക് പേജ് വഴി നടത്തുന്ന പ്രവര്‍ത്തങ്ങളില്‍ നിരന്തരം പങ്കാളികളാക്കാന്‍ സാധിച്ചത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് എന്നുമാണ് ഡയറക്ടറായ ബാല കിരണ്‍ പറഞ്ഞത്.