scorecardresearch
Latest News

‘ഡാ മമ്മൂട്ടി’ എന്നു വിളിക്കാന്‍ വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാള്‍; അന്തരിച്ച കെ.ആര്‍.വിശ്വംഭരനെ അനുസ്മരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

ഡാ ജിന്‍സെ, എന്റെ കയ്യില്‍ 100 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല

‘ഡാ മമ്മൂട്ടി’ എന്നു വിളിക്കാന്‍ വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാള്‍; അന്തരിച്ച കെ.ആര്‍.വിശ്വംഭരനെ അനുസ്മരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

കൊച്ചി: ”മമ്മൂക്കയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള എനിക്കറിയാവുന്ന ഒരേ ഒരാള്‍,” അന്തരിച്ച എറണാകുളം മുൻ കലക്ടര്‍ കെ.ആര്‍.വിശ്വംഭരനെ((72)ക്കുറിച്ച് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സ് ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുകയാണ്.

ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും എറണാകുളം മുന്‍ കലക്ടറുമായ വിശ്വംഭരന്‍, മമ്മൂട്ടിയുടെ സഹപാഠിയും ഉറ്റസുഹൃത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയറിന്റെ ഡയക്ടറുമായിരുന്നു.

”ഡാ ജിന്‍സെ, എന്റെ കയ്യില്‍ 100 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല.. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാന്‍ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്….’ എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞാണ് സാര്‍ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ… മമ്മൂക്കയെ ‘ഡാ മമ്മൂട്ടി ‘ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാള്‍… ഞങ്ങളുടെ കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ഡയറക്ടര്‍! സാര്‍ വിട,”റോബര്‍ട്ട് ജിന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു കെ.ആര്‍.വിശ്വംഭരന്റെ അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് ഇടപ്പള്ളി, അഞ്ചുമന കൊച്ചി നഗരസഭ സോണല്‍ ഓഫീസിന് സമീപമുള്ള വസതിയില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ പതിനൊന്നിനു പച്ചാളം ശ്മാശനത്തില്‍.

ആലപ്പുഴ മാവേലിക്കര കുന്നം സ്വദേശിയാണ്. സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി അംഗവുമായിരുന്ന കെ.വി അച്യുതന്റെയും കെ.എസ് തങ്കമ്മയുടെയും മകനായിട്ടായിരുന്നു ജനനം. കുന്നം ഗവ. ഹൈസ്‌കൂള്‍, മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അലഹബാദ് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്ഡിയും നേടി.

എറണാകുളം ലോ കോളജില്‍ അവസാനവര്‍ഷ നിയമ പഠന വിദ്യാര്‍ഥിയായിരിക്കെ കാനറ ബാങ്കില്‍ ജോലി ലഭിച്ചു. നാലര വര്‍ഷത്തിനുശേഷം സംസ്ഥാന റവന്യൂ സര്‍വിസില്‍ ചേര്‍ന്ന് ഫോര്‍ട്ട് കൊച്ചി തഹസില്‍ദാരായി. തുടര്‍ന്ന് പ്രോട്ടോക്കോള്‍ ഓഫിസര്‍, ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ എന്നീ പദവികളും വഹിച്ചു. പിന്നീട് ഐഎഎസ് ലഭിച്ച് എറണാകുളം കലക്ടറായി. ഈ സമയത്താണ് ഗോശ്രീ പാലത്തിനു തറക്കല്ലിട്ടത്.

ആലപ്പുഴ ജില്ലാ കലക്ടര്‍, ഹയര്‍ എഡ്യുക്കഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കെബിപിഎസ്, ടെല്‍ക്, റബര്‍മാര്‍ക്ക് എംഡി എന്നീ പദവികളും വഹിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് ഔദ്യോഗിക സേവനത്തില്‍നിന്നു വിരമിച്ചത്. കുറച്ചു നാള്‍ എറണാകുളത്ത് അഭിഭാഷകനായും പ്രവര്‍ത്തിച്ചിിട്ടുണ്ട്.

പഠനകാലം മുതല്‍ ഇടത് സഹയാത്രികനായിരുന്ന കെആര്‍ വിശ്വംഭരന്‍ സ്വരലയ ഉള്‍പ്പടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. രാജ്യാന്തര പുസ്തകോത്സവ സമിതിയിലും പ്രവര്‍ത്തിച്ചു. ഭാര്യ: കോമളം (എസ്ബിഐ റിട്ട. ഉദ്യോഗസ്ഥ), മക്കള്‍: അഭിരാമന്‍, അഖില.

Read Also: ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Facebook post remembering kr viswambharan