പാലോട്: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന നിലയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട പതിനേഴുകാരൻ പൊലീസ് പിടിയിലായി. വിതുര മലയടി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഖ്യമന്ത്രി പിണറായിക്കെതിരെ വിവാദമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് വന്നത്. ഇതിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളുണ്ടായിരുന്നു. പോസ്റ്റ് ഫെയ്സ്ബുക്കിൽ വൻതോതിൽ ഷെയർ ചെയ്യപ്പെട്ടപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ റാഷിദ് വിതുര പൊലീസിൽ പരാതിപ്പെട്ടത്.

വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് കുട്ടി ഫെയ്സ്ബുക്കിലെ പരാമർശങ്ങൾ നടത്തിയത്. ഇതേ തുടർന്ന് വിതുര പൊലീസ് സിഐ യും എസ്ഐ യും ഇക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി. പിന്നീടാണ് പ്ലസ് ടു വിദ്യാർത്ഥിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. അതേസമയം മറ്റാരുടെയെങ്കിലും പ്രേരണയായിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്ന് ഉച്ചയോട് കൂടി കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. അതിന് മുൻപ് ചോദ്യ ചെയ്യലിൽ കേസിന്റെ പൂർണ്ണവിവരങ്ങൾ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ