ബത്തേരി: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയിലെ പൊത്തില്‍നിന്നു പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്‍ മലയാളികളുടെ മനസില്‍ നോവായിരിക്കുകയാണ്. ഷഹ്‌ലയുടെ ജീവന്‍ നഷ്ടപ്പെടാന്‍ മുഖ്യകാരണം ചികിത്സ ലഭ്യമാക്കാൻ വൈകിയതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി ആദ്യം രംഗത്തുവന്നത് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

Read Also: ഏഴാമത്തെ പിരീഡില്‍ ഷഹ്‌ല ക്ലാസ് മാറി; മരണം ഇഴഞ്ഞുകയറി

സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടായ അനാസ്ഥ പുറംലോകത്തെത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ച വിദ്യാര്‍ഥിയാണ് നിദ ഫാത്തിമ. ബത്തേരി സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് നിദ പഠിക്കുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ വളരെ ഉറച്ച ശബ്ദമായിരുന്നു നിദ ഫാത്തിമ. തെറ്റിനെതിരെ വിരല്‍ചൂണ്ടാന്‍ നിദ ഫാത്തിമ കാണിച്ച ധീരതയെ കേരളം ഒന്നാകെ പ്രശംസിക്കുകയാണ്. അതിനിടയിലാണ് ഈ പെണ്‍കുട്ടിയെക്കുറിച്ച് ഡോ.ഷിംന അസീസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം:

നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാർ. വയനാട്ടിൽ പാമ്പുകടിയേറ്റ ഷഹലയുടെ സഹപാഠികൾ.

അവരെ ആദ്യമായി കാണുന്നത്‌ ഇന്നലെ വൈകുന്നേരം കണ്ട ന്യൂസ്‌ ബൈറ്റിലാണ്‌. അവർ അവരുടെ സഹപാഠിക്ക്‌ കിട്ടാതെപോയ നീതിക്കുവേണ്ടി യാതൊരു സങ്കോചവുമില്ലാതെ, ഉറക്കെ, വ്യക്‌തതയോടെ ശബ്‌ദിക്കുന്നുണ്ടായിരുന്നു. അഭിമാനം തോന്നി.

ഇന്നലെ നിദയെ നേരിൽ കേട്ടത്‌ ന്യൂസ്‌ 24 ചർച്ചയിലാണ്‌. അവിടെയും അവളുടെ ശബ്‌ദത്തിന്‌ യാതൊരു ഇടർച്ചയുമില്ല. അല്ലെങ്കിലും ഭയത്തിനും സ്വാധീനത്തിനും മീതെ നിൽക്കുന്ന നിഷ്‌കളങ്കതയാണല്ലോ ആ പ്രായത്തിന്‌. ഏഴാം ക്ലാസുകാരിയുടെ ശബ്‌ദത്തിലെ ആത്മവിശ്വസവും നേരിട്ടറിഞ്ഞു.

രാവിലെ അവളെ നമ്പർ സംഘടിപ്പിച്ച്‌ വിളിച്ചു. അവൾ മദ്രസയിൽ പോയി വന്നിട്ടേയുള്ളൂവെന്ന് അവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയിൽ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്‌ടറാണെന്ന്‌ പറഞ്ഞപ്പോ അവൾ ഷഹലയെക്കുറിച്ച്‌ പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്‌.

അവസാനം അവൾ പതുക്കെ ചോദിച്ചത്‌ ഇതാണ്‌: “ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട്‌ എനിക്ക്‌ ഇനിയും ആ സ്‌കൂളിൽ പോകണമെന്ന്‌ ആലോയ്‌ക്കുമ്പോ പേട്യാവ്‌ണുണ്ട്‌. പ്രിൻസിപ്പലിനെയാ ഇനിക്ക്‌ പേടി. ഓല്‌ ഇന്നോടെന്തെങ്കിലും ചെയ്‌താൽ മിസ്സ്‌ ന്റെ കൂടെ ഉണ്ടാവൂലേ?”

അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളിൽനിന്ന്‌ മിന്നൽപോലെ മാഞ്ഞ്‌ അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടിവന്ന്‌ നെഞ്ചിൽ വീണത്‌ പോലെ തോന്നി. “ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കും” എന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ വാക്കാണ്‌ താനും.

ഇത്രയും ഉഗ്രമായി ന്യായത്തിനുവേണ്ടി ജ്വലിക്കുന്ന കനലുകളെല്ലാം ചവിട്ടി അണയ്‌ക്കാൻ ധൃതിപിടിക്കുന്ന ലോകമാണ്‌ ചുറ്റും. അവളുടെ കാര്യവും മറിച്ചാകില്ലെന്നറിയാം. ഏതായാലും, അവൾ നേരിട്ടേക്കാവുന്ന തുറിച്ചുനോട്ടങ്ങളോടും കുത്തുവാക്കുകളോടുമായി പറയുകയാണ്‌…

അവൾ പുറത്തുവന്ന്‌ സംസാരിച്ചത്‌ നിങ്ങളിൽ ചിലർ കൊന്ന അവളുടെ സഹപാഠിയുടെ ജീവൻ പോയതിന്റെ വേദനയാണ്‌. ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട്‌ ഇത്രയും ശൗര്യമുള്ള ഒരു പെൺകുഞ്ഞിനെ ഒതുക്കാൻ ശ്രമിക്കരുത്‌. അങ്ങനെയൊന്നുണ്ടായാൽ, ഷഹലയുടെ കൂടെനിന്ന ലോകം മുഴുവൻ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല.

അഭിമാനമാണിവൾ… ഇവളുടെ കൂട്ടുകാരും.

ചോദ്യം ചെയ്യാനറിയുന്നവർ, പ്രതികരണശേഷിയും നീതിബോധവുമുള്ളവർ.

നാളെയും വെളിച്ചമുണ്ടാകുമെന്ന്‌ ഉറപ്പുതരുന്ന മക്കൾ. ഇവരോടൊപ്പമുണ്ട്‌ നമ്മൾ, ഉണ്ടാകണം നമ്മൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.