Kerala Floods: പ്രളയ ദുരന്തത്തിന് ഇരയായ കേരളത്തിന് കൈത്താങ്ങുമായി സോഷ്യൽ​ നെറ്റ്‌വർക്കിങ് ഭീമനായ ഫെയ്സ്ബുക്ക്. 250,000 ഡോളർ (ഏകദേശം 1.75 കോടി രൂപ) കേരളത്തിന് പ്രളയ ദുരിതാശ്വാസത്തിനായി നൽകുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. കേരളത്തിൽ പേമാരിയിലും വെളളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഏകദേശം മുന്നൂറ് ജീവനുകൾ നഷ്ടമായതായും കേരളത്തിലങ്ങോളമിങ്ങോളം നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പിന്തുണയുമായി മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ആയ ഫെയ്സ്ബുക്ക് എത്തുന്നത്.

കേരളത്തിൽ​ ദുരിതാശ്വാസ പ്രവർത്തനങ്ങൾ​ നടത്തുന്നതിന് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഗൂഞ്ച്‌ എന്ന സംഘടന വഴിയായിരിക്കും ഫെയ്സ്ബുക്ക് ഈ​ തുക നൽകുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിനൊപ്പമായിരുന്നു ഫെയ്സ്ബുക്ക്. ആളുകളെ കണ്ടെത്തുന്നതിനായി ലൈവ്, പേജ്, ഫണ്ട് രൂപീകരണം എന്നിങ്ങനെ പല കാര്യങ്ങളിലും ഫെയ്സ്ബുക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് ഫെയ്സ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് ഐ​എ​എൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങളുടെ ആഗോള കമ്യൂണിറ്റിയുടെ സംഭവാനായ ചെറിയൊരു കാര്യമാണ് ഗൂഞ്ച് ഫണ്ടിലേയ്ക്ക് നൽകുന്ന 250,000 ഡോളറെന്ന് വക്താവ് പറഞ്ഞു

കേരളത്തിന്റെ ചരിത്രത്തിൽ​ ഏറ്റവും ദുരന്തപൂർണമായ വെള്ളപ്പൊക്കമാണ് ഇപ്പോൾ സംഭവിച്ചത്. ഓഗസ്റ്റ് എട്ടിനാരംഭിച്ച അവസാനിക്കാത്ത മഴയും പ്രളയവും മൂന്നൂറോളം ജീവൻ അപഹരിക്കുകയും ആയിരക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയും ചെയ്തു.

ഫെയ്സ്ബുക്കിലൂടെ നിരവധിപേർ ലൈവ് വീഡിയോയും പേജുകളും ഗ്രൂപ്പുകളും ആരംഭിച്ച് പ്രളയ ബാധിതരെ സഹായിക്കാൻ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

പ്രളയബാധിതർക്ക് സഹായമെത്തിക്കാനും ഗതാഗത, മെഡിക്കൽ സൗകര്യങ്ങളെത്തിക്കാനും ഉൾപ്പടെ ഈ ഗ്രൂപ്പുകൾ പ്രവർത്തിച്ചു. രക്ഷപ്പെടുത്തേണ്ടവരുടെ വിവരങ്ങൾ ശേഖരിച്ച് രക്ഷാപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും അറിയിക്കുകയും ചെയ്തു. ഡോക്ടർമാർ ആവശ്യമായ ആരോഗ്യപരമായ കാര്യങ്ങൾ പ്രളയബാധിതർക്ക് ഇതുവഴി നൽകി. ഓഗസ്റ്റ് ഒമ്പതിന് ഫെയ്സ്ബുക്ക് കമ്മ്യൂണിറ്റി “സേഫ്റ്റി ചെക്ക്” എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്തു. ഇതുവഴി ആളുകൾ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുന്നതിന് സാധിച്ചു.

ഫെയ്സ്ബുക്കിലെ ഹെൽപ്പ് ആൻഡ് ക്രൈസിസ് ഡൊണേറ്റ് ബട്ടണിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും 1,300 പോസ്റ്റുകളെങ്കിലും ഉണ്ടായി. സഹായം ആവശ്യപ്പെടുന്ന പോസ്റ്റുകൾക്ക് പുറമെ ഭക്ഷണം, വെളളം, ഷെൽറ്റർ, ഗതാഗതം, വോളന്റിയർ സേവനം എന്നിവ വാഗ്‌ദാനം ചെയ്യുന്നുമുണ്ടായിരുന്നു. ഏകദേശം 500​ഓളം പേർ ക്രൈസിസ് ഡൊണേറ്റ് ബട്ടൺ പ്രയോജനപ്പെടുത്തി

പ്രളയത്തിൽ​ കുടങ്ങിപ്പോയവർ ഫെയ്സ്ബുക്ക് ലൈവിലൂടെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടു. 1,200 ലേറെ പേർ ഫെയ്സ്ബുക്ക് കമ്മ്യൂണിറ്റി ഹെൽപ്പ് ഉപയോഗിച്ച് സഹായം തേടി. ഭക്ഷണം, വെളളം, ഗതാഗതം, താമസ സൗകര്യം എന്നിവ ഉൾപ്പെടയുളള​ സഹായമാണ് ഇതുവഴി തേടിയത്.

ഫെയ്സ്ബുക്കിലെ ദുരന്തനിവാരണ മാപ്പ് നാഷണൽ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിക്ക് (​എൻ​ഡിഎംഎ) ഉചിതമായ എൻജിഒ​കളെ കണ്ടെത്താനും രക്ഷാപ്രവർത്തനത്തിനും മറ്റ് സപ്പോർട്ടിങ് സംവിധാനങ്ങൾക്കും അവരെ കൂടെ ചലിപ്പിക്കാനും സാധിച്ചു.

ഇതിലെ മാപ്പുകൾ വഴി ജനങ്ങളുടെ ചലനങ്ങളെയും പ്രളയബാധിത പ്രദേശങ്ങളെയും സുരക്ഷിത ഇടങ്ങളെയും വേർതിരിച്ച് കാണാനും ട്രാക്ക് ചെയ്യാനും സാധിച്ചു. ഇത് പ്രദേശങ്ങൾ കണ്ടെത്താനും രക്ഷാപ്രവർത്തനങ്ങളും റിലീഫും നടത്താനും സർക്കാരിനും സഹായകമായി.

ലോകത്തെ കൂടുതൽ മികവുറ്റതാക്കാനായി പരിശ്രമിക്കുന്ന വോളന്റിയർമാർ, ദാതാക്കൾ, ആക്ടിവിസ്റ്റുകൾ എന്നിവരൊത്ത് ചേരുന്ന ഒരിടമാണ് ഫെയ്സ്ബുക്ക്. ഞങ്ങൾ ​ഈ പ്രദേശത്തെ തുടർന്നും നിരീക്ഷിക്കുകയും ഇവിടുത്തെ ആവശ്യങ്ങളുടെ സ്വഭാവം കണക്കാക്കുകയും ചെയ്യും. ദുരിതാവസ്ഥയിലുളളവരെ സഹായിക്കുന്ന മാനവികതയുടെ പതാകവാഹകരാണ് ഫെയ്സ്ബുക്ക് കമ്മ്യൂണിറ്റിയെന്ന് സമൂഹ മാധ്യമ ഭീമൻ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.