തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ഭാഷാ പിതാവ് എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മനുഷ്യാനുഭവങ്ങളുടെയും മനുഷ്യാവസ്ഥകളുടെയും പുതിയ ആവിഷ്കാര ശൈലി അവതരിപ്പിച്ച നോവലിസ്റ്റാണ് ആനന്ദ് എന്ന പി.സച്ചിദാനന്ദൻ. നോവലുകൾക്ക് പുറമെ കഥകളും നാടകവും ലേഖനങ്ങളും എഴുതി സാഹിത്യ ലോകത്ത് സജീവമാണ് അദ്ദേഹം.

1936ല്‍ ഇരിങ്ങാലക്കുടയിലാണ് ആനന്ദിന്റെ ജനനം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം പട്ടാളസേവനവും അനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ് ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.

ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലിന് 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചു. ആള്‍ക്കൂട്ടത്തിന് ലഭിച്ച യശ്പാല്‍ അവാര്‍ഡും അഭയാര്‍ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും നിരസിച്ചു. വിവര്‍ത്തനത്തിനുള്ള 2012ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ആനന്ദിന് ലഭിച്ചിട്ടുണ്ട്.

പ്രധാന നോവലുകൾ: ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, ഉത്തരായനം, മരുഭൂമികൾ ഉണ്ടാകുന്നത്‌, ഗോവർധന്റെ യാത്രകൾ, അഭയാർഥികൾ, വ്യാസനും വിഘ്നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ, വിഭജനങ്ങൾ പരിണാമത്തിന്റെ ഭൂതങ്ങൾ, ദ്വീപുകളും തീരങ്ങളും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.