പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ ഓഫീസർ ട്രയിനിയായ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ മരിച്ച സൂരജിന്റെ വസ്ത്രത്തിലെ കീശയിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ രണ്ട് സീനിയർ ട്രെയിനികളുടെ പേര് പരാമർശിച്ചിരുന്നു. പിയൂഷ് ചൗധരി, വിശാൽ പാണ്ഡെ എന്നിവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.

മലപ്പുറം തിരൂർ കാനല്ലൂരിൽ റിട്ട നാവികസേന ഉദ്യോഗസ്ഥനായ ഗൂഡപ്പയുടെയും പുഷ്പലതയുടെയും മൂത്ത മകൻ സൂരജ്(26) ബുധനാഴ്ചയാണ് അക്കാദമി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അബോധാവസ്ഥയിൽ കിടന്നത് കണ്ടത്. ഇദ്ദേഹത്തെ ഉടൻ തന്നെ അക്കാദമിയിലെ നവജീവൻ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പയ്യന്നൂർ പൊലീസ് വ്യക്തമാക്കി.

പിയൂഷ് ചൗധരിയും വിശാൽ പാണ്ഡെയും തന്നെ നിരന്തരം പീഡിപ്പിച്ചതായാണ് കുറിപ്പിൽ സൂരജ് പറഞ്ഞിട്ടുള്ളത്. അതേസമയം സൂരജിന്റെ മരണത്തിന് പിന്നിൽ നാവികസേന ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ പ്രേരണയിലാണ് പരിശീലകർ പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ മാനസിക പീഡനവും ശാരീരിക പീഡനവും നാവിക അക്കാദമി അധികൃതർ നിഷേധിച്ചിട്ടുണ്ട്. ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചതിനാണ് നടപടിയെടുത്തതെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തിരികെ പ്രവേശിച്ചതെന്നും നാവിക സേനാ വക്താവ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ