വിഴിഞ്ഞം: വിഴിഞ്ഞം അക്രമ സംഭവങ്ങളിൽ കണ്ടാലറിയുന്ന മൂവായിരം പേർക്കെതിരെ കേസ്. സംഘർഷത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് എഫ്ഐആർ. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു. പൊലീസുകാരെ കൊല്ലാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. പ്രതികളെ വിട്ടില്ലെങ്കിൽ പൊലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. സമരക്കാർ പൊലീസിനെ ബന്ദിയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
അതിനിടെ, വിഴിഞ്ഞം സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്. സമീപ ജില്ലകളിൽനിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടുതൽ എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കും ചുമതലയുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് എഡിജിപി അറിയിച്ചു. സാഹചര്യങ്ങൾ നോക്കി മാത്രമായിരിക്കും നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷിയോഗം നടക്കും. സഭാ നേതൃത്വവും സമരസമിതിയുമായാണ് ആദ്യം ചർച്ച. അതിനുശേഷം കലക്ടറുമായി സമരസമിതി ചർച്ച നടത്തും. സമാധാന ശ്രമങ്ങൾക്കുള്ള യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കും.
വിഴിഞ്ഞത്ത് സമരക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ 36 പൊലീസുകാർക്കും എട്ടു സമരക്കാർക്കും പരുക്കേറ്റിട്ടുണ്ട്. കല്ലു കൊണ്ടുള്ള ഇടിയിൽ ഗുരുതര പരുക്കേറ്റ എസ്ഐ ലിജോ പി.മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചു പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരക്കാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്.
സമരക്കാര്‍ പൊലീസ് വാഹനങ്ങളും കെഎസ്ആർടിസി ബസുകളും തകര്‍ത്തു. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തി വീശി, തുടര്‍ന്നുണ്ടായ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരെ സമരം ചെയ്യുന്നവരാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.