Latest News

കർദ്ദിനാൾ മുതൽ കുഞ്ഞാലിക്കുട്ടി വരെ; 2018 ലെ വിവാദങ്ങൾ ഇവ

കർദ്ദിനാൾ ആലഞ്ചേരിയ പ്രതിക്കൂട്ടിലാക്കിയ ഭൂമിയിടപാട് മുതൽ മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ നിന്ന് വിട്ടുനിന്ന പികെ കുഞ്ഞാലിക്കുട്ടിവരെ 2018 ൽ കേരളത്തെ പിടിച്ചുകുലുക്കിയ പ്രധാന വിവാദങ്ങൾ

Kerala ccontroversies 2018, 2018 round up, kerala floods 2018, Nipah Virus Attack 2018, Kerala politics 2018, 2018 ലെ വിവാദങ്ങൾ, കേരള രാഷ്ട്രീയം 2018, 2018 ലെ കേരള രാഷ്ട്രീയം, പ്രളയം, കേരള പ്രളയം 2018, നിപ വൈറസ് ആക്രമണം, ബന്ധുനിയമന വിവാദം, Nepotism, Kerala Nepotism, Kerala 2018, Kerala Round up this year, what happened in kerala 2018,
Kerala ccontroversies 2018, 2018 round up, kerala floods 2018, Nipah Virus Attack 2018, Kerala politics 2018, 2018 ലെ വിവാദങ്ങൾ, കേരള രാഷ്ട്രീയം 2018, 2018 ലെ കേരള രാഷ്ട്രീയം, പ്രളയം, കേരള പ്രളയം 2018, നിപ വൈറസ് ആക്രമണം, ബന്ധുനിയമന വിവാദം, Nepotism, Kerala Nepotism, Kerala 2018, Kerala Round up this year, what happened in kerala 2018,

കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾ ഒരിക്കലും അവസാനിക്കാത്തവയാണ്. 2018 ലെ കേരള രാഷ്ട്രീയവും ഇത്തരത്തിൽ സംഭവ ബഹുലമായിരുന്നു. സീറോ മലബാർ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടർച്ചയായിരുന്നു 2018 ന്റെ തുടക്കത്തിലും വാർത്തകളിൽ ഇടംപിടിച്ചത്. ഏറ്റവും ഒടുവിൽ മുത്തലാഖ് ബിൽ അവതരിപ്പിച്ചപ്പോൾ പാർലമെന്റിൽ ഹാജരാകാത്തതിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയിൽ വരെ എത്തിനിൽക്കുന്നു ഈ രാഷ്ട്രീയ കോലാഹലങ്ങൾ.

ക്രൈസ്തവ സഭകൾ പ്രതിക്കൂട്ടിലായ വർഷം

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായ ഭൂമിയിടപാട് കേസ് കേരള  രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ ഇപ്പോഴും കത്തിനിൽക്കുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന മുന്ന് ഏക്കര്‍ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തിയതാണ് വിവാദമായത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കുറ്റക്കാരനാണെന്നാണ് സഭയുടെ അന്വേഷണ സമിതിയടക്കം കണ്ടെത്തിയത്. പിന്നീട് അതിരൂപതയുടെ ഭരണ നിർവ്വഹണ ചുമതല മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ ഏൽപ്പിച്ചു.

ആർച്ച് ബിഷപ്പ്, മേജർ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ, Arch Bishop, Major Arch Bishop, Mar George Alanjeri, ഭൂമിയിടപാട്, കോടതി കേസ്, സിജെഎം കോടതി,
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതും ഈ വർഷമാണ്. ഇതിനായി കേരളത്തിലുടനീളം പ്രതിഷേധം ഉണ്ടായി. ഓർത്തഡോക്സ് സഭാ വൈദികർക്കെതിരെ കുമ്പസാര പീഡനക്കേസും ഈ വർഷമാണ് ഉയർന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പത്തനംതിട്ട സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ചത്. നാല് വൈദികരാണ് പ്രതിസ്ഥാനത്തുളളത്.

സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കണ്ണട വിവാദം

സംസ്ഥാന മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്, ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തിയതാണ് കണ്ണട വിവാദവും അനുബന്ധ കാര്യങ്ങളും. മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭര്‍ത്താവ് കെ.ഭാസ്‌കരന്റെ ചികിത്സാ ചിലവായി അരലക്ഷത്തിലേറെ രൂപ എഴുതിയെടുത്തതും വിവാദമായി. പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ 49,900 രൂപയുടെ കണ്ണട വാങ്ങിയതായും 4,25,594 രൂപയാണ് ചികിത്സാ ചെലവിനായി കൈപറ്റിയെന്നും പുറത്തുവന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്ക് വേണ്ടി 1.20 ലക്ഷം രൂപയാണ് തോമസ് ഐസക് വാങ്ങിയത്. താൻ സർക്കാർ അനുവദിച്ച ആനുകൂല്യം കൈപ്പറ്റിയെന്നല്ലാതെ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പിന്നീട് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

എകെജി ബാലപീഡകനോ?

ഫെയ്‌സ്ബുക്കിൽ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ ഉത്തര കൊറിയൻ നേതാവ് കിങ് ജോങ് ഉന്നുമായി ബന്ധപ്പെട്ട ചർച്ച തുടരുന്നതിനിടെയാണ് വിടി ബൽറാമിന്റെ വിവാദ കമന്റ്. “ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി,” എന്നാണ് അദ്ദേഹം എഴുതിയത്. സംഭവം വിവാദമായതോടെ ബൽറാമിനെ വിവരദോഷിയെന്ന് മുഖ്യമന്ത്രി പിണറായി വിമർശിച്ചു. കെപിസിസിയും മുതിർന്ന കോൺഗ്രസ് നേതാക്കളും വിമർശിച്ചെങ്കിലും വിടി ബൽറാം തന്റെ നിലപാടിൽ ഉറച്ചുനിന്നു.

ബിനോയ് കോടിയേരി പ്രതിക്കൂട്ടിൽ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ പ്രതിക്കൂട്ടിലായി.  മലയാളിയായ രാഗുൽ കൃഷണനും യുഎഇ പൗരൻ ഹസൻ മർസൂഖിയും ചേർന്ന് യുഎഇയിൽ സ്ഥാപിച്ച ടൂറിസം കമ്പനിയിൽ നിന്ന് ഔഡി കാർ വാങ്ങാൻ 53 ലക്ഷവും ബിസിനസ് ആവശ്യത്തിന് 7.7 കോടിയുമാണ് ബിനോയ് കോടിയേരി വാങ്ങിയത്. തിരിച്ചടവ് തെറ്റിയതോടെ പലിശയടക്കം 13 കോടിയായി മാറി. പരാതി സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പക്കലെത്തി. ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി.

ബിനോയ് കോടിയേരി

എകെ ശശീന്ദ്രനും ഇപി ജയരാജനും തിരിച്ചെത്തുന്നു

ഹണിട്രാപ്പ് കേസിൽ മന്ത്രിസ്ഥാനം രാജിവച്ച എൻസിപി എംഎൽഎ എകെ ശശീന്ദ്രനും ബന്ധുനിയമന വിവാദത്തിൽ കുറ്റവിമുക്തനായ ഇപി ജയരാജനും മന്ത്രിസഭയിലേക്ക് തിരികെയെത്തിയത് ഈ വർഷമാണ്.  വിജലൻസ് അന്വേഷണത്തിൽ ഇപി ജയരാജനും ഏകാംഗ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണത്തിൽ ശശീന്ദ്രനും കുറ്റവിമുക്തരാണെന്ന് കോടതിയിൽ വ്യക്തമായി.

ജെഡിയു പിളർന്നതോടെ യുഡിഎഫ് വിട്ട വീരേന്ദ്രകുമാർ രാജിവച്ച രാജ്യസഭ സീറ്റിലേക്ക് അദ്ദേഹത്തെ തന്നെ എൽഡിഎഫ് മത്സരിപ്പിച്ചു.  മാർച്ച് 23 ന് നടന്ന തിരഞ്ഞെടുപ്പിൽ 89 വോട്ടുകളാണ് അദ്ദേഹം നേടിയത്.

ഹാദിയക്ക് സന്തോഷം

വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിം കോടതി അസാധുവാക്കി. ഹാദിയയ്ക്ക് പഠനം തുടരാമെന്നും കോടതി അറിയിച്ചു. തീവ്രവാദ ബന്ധമുണ്ടെങ്കിൽ ഷെഫിൻ ജെഹാനും ഹാദിയയ്ക്കും എതിരെ കേസെടുക്കാമെന്നും, പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ നിയമപരമായി വിവാഹം കഴിച്ചാല്‍ എങ്ങനെ അതില്‍ ഇടപെടാന്‍ കഴിയുമെന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

hadiya case, ഹാദിയകേസ്, മതം മാറ്റം, Convertion, Religion, Hindu, Muslim, ഹിന്ദു, ഇസ്ലാം, മതം,
ഷെഫിൻ ജഹാനും ഹാദിയയും

കണ്ണൂർ – കരുണ വിവാദത്തിൽ സർക്കാരിനും പ്രതിപക്ഷത്തിനും തിരിച്ചടി

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ 2016-17 വർഷം പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കാനുളള സുപ്രീം കോടതി വിധി മറികടക്കാൻ, സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അധികാരങ്ങൾക്ക് മേലുളള കടന്നു കയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭയിൽ വിടി ബൽറാം ഒഴികെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ ഒന്നടങ്കം അനുകൂലിച്ചാണ് ബിൽ പാസാക്കിയത്.

ശബരിമല സ്ത്രീപ്രവേശന വിധി

നീണ്ട 12 വർഷം സുപ്രീം കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധി വന്നത്. വിധിയെ ആദ്യം കോൺഗ്രസും ബിജെപിയും പിന്തുണച്ചു. എന്നാൽ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് വിശ്വാസികളിൽ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ ബിജെപിയും കോൺഗ്രസും നിലപാട് മാറ്റി. തുലാം മാസപൂജയ്ക്കായി നട തുറന്നപ്പോൾ നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം അക്രമാസക്തമായി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകർ വരെ ആക്രമിക്കപ്പെട്ടു. ചിത്തിര ആട്ട വിശേഷ കാലത്തും മണ്ഡല മകരവിളക്ക് കാലത്തും പല സ്ത്രീകളും ശബരിമല പ്രവേശനത്തിനായി വന്നെങ്കിലും ആർക്കും ഇതുവരെ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സാമുദായിക സംഘടനകളെ ഉൾപ്പെടുത്തി ജനുവരി ഒന്നിന് ശബരിമല സ്ത്രീപ്രവേശനത്തിന് വേണ്ടി കൂടി വനിതാ മതിൽ നിർമ്മിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിന് ബദലായി ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.

നിലയ്ക്കലിൽ പ്രതിഷേധം അക്രമാസക്തമായപ്പോൾ പ്രതിഷേധക്കാരനെ അടിച്ചോടിക്കുന്ന പൊലീസ്

ശബരിമല സുവർണ്ണാവസരമെന്ന് പിഎസ് ശ്രീധരൻപിളള

ശബരിമല പ്രശ്നം സുവർണ്ണാവസരമാണെന്നും, നമ്മൾ മുന്നോട്ടു വച്ച അജണ്ടയിൽ ഓരോരുത്തരായി വീണുവെന്നും പി.എസ്.ശ്രീധരൻ പിളള പറയുന്ന ശബ്ദരേഖയാണ് വിവാദത്തിന് തിരികൊളുത്തിയത്. ശബരിമല ക്ഷേത്ര നട അടയ്ക്കാൻ തന്ത്രിക്ക് ധൈര്യം നൽകിയത് താനാണെന്നടക്കം വിവാദമായ പ്രസ്താവനകളാണ് കോഴിക്കോട് ശ്രീധരൻ പിളള നടത്തിയത്. യുവമോർച്ചയുടെ സംസ്ഥാന നേതൃ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഈ പരാമർശത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

ഓഖിക്ക് പിന്നാലെ വന്ന നിപ്പയും പ്രളയവും

കാലാവസ്ഥാ നിരീക്ഷണത്തിലുണ്ടായ പാളിച്ചയെ തുടർന്നാണ് ഓഖിയിൽ നിരവധി മത്സ്യത്തൊഴിലാളികളെ കടലിൽ നഷ്ടമായത്. 2017 ലെ ആ ദുരന്തത്തിന് ശേഷം കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതാണ് നിപ്പ വൈറസ് ബാധ. 17 പേരുടെ ജീവൻ കവർന്നെടുത്ത രോഗബാധയെ ഫലപ്രദമായി ചെറുക്കാൻ സംസ്ഥാനത്തിനായി. എങ്കിലും രോഗത്തെ തുടക്കത്തിലേ തിരിച്ചറിഞ്ഞിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ വേണ്ട ജാഗ്രത പാലിച്ചില്ലെന്ന് ആക്ഷേപം ഉയർന്നു. ആശുപത്രി ജീവനക്കാർ അടക്കമുളളവർക്ക് രോഗബാധ ഉണ്ടായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. ആയിരത്തിലേറെ പേരാണ് ഈ ഘട്ടത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്.

ഇതിന് പിന്നാലെയാണ് കേരളത്തിൽ പ്രളയം നാശം വിതച്ചത്. ആഗസ്റ്റ് മാസത്തിൽ കാസർഗോഡ് ഒഴികെ 13 ജില്ലകളിലും നാശനഷ്ടങ്ങളുണ്ടാക്കി. കനത്ത മഴ പെയ്യുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, വേണ്ട മുൻകരുതൽ എടുത്തില്ലെന്ന് ആരോപണം ഉയർന്നു. കെഎസ്ഇബിയാണ് പ്രതിക്കൂട്ടിലായത്. അണക്കെട്ടുകളിലെ പരമാവധി ജലനിരപ്പ് വരെ വെള്ളം എത്തുന്നത് കാത്തിരുന്നതാണ് പ്രളയത്തിലെ നഷ്ടം ഉയർത്തിയതെന്ന് ആരോപണം ഉയർന്നു.  ഒരേ സമയം സംസ്ഥാനത്തെ 35 അണക്കെട്ടുകളാണ് തുറന്നുവിട്ടത്. ഇതിലൂടെ സംസ്ഥാനത്താകമാനം 31000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് യുഎൻ സമിതിയുടെ കണക്ക്. വെളളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ “കേരളത്തിന്റെ സ്വന്തം സൈന്യം” എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വീടുകൾ പൂർണ്ണമായും തകർന്ന നൂറ് കണക്കിന് പേർ ഇപ്പോഴും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്.

kerala floods, central assistance,പ്രളയം, കേന്ദ്ര സഹായം, മഹാപ്രളയം,central fund for flood, central government, iemalayalam
പ്രളയകാലത്തെ കേരളം

സ്ത്രീകളെ അധിക്ഷേപിച്ച വത്തക്ക വിവാദം

ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനും ഫാമിലി കൗൺസിലറുമായ ജൗഹർ മുനവ്വിർ കോഴിക്കോട് എളേറ്റിലിൽ നടന്ന മതപഠന ക്ലാസിൽ വച്ചാണ് വിവാദ പരാമർശം നടത്തിയത്. വത്തക്കയുടെ ചുവപ്പ് കാണിക്കാൻ ഒരു കഷ്ണം മുറിച്ചുവയ്ക്കുന്നത് പോലെയാണ് മുസ്ലീം പെൺകുട്ടികൾ മാറിടം കാണിക്കുന്നതെന്നായിരുന്നു പ്രസംഗം. പരാമർശം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിഷേധം ശക്തമായി. ഫാറൂഖ് കോളേജിലെ പെൺകുട്ടികളടക്കം അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇദ്ദേഹം പിന്നീട് അവധിയിൽ പോയി.

സോഷ്യൽ മീഡിയ ഹർത്താൽ

ജമ്മു കാശ്മീരിലെ കത്തുവയിൽ പത്ത് വയസുകാരി പെൺകുട്ടി ദിവസങ്ങളോളം അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിലാണ് ഊരും പേരുമില്ലാതെ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടത്. സംസ്ഥാനത്തുടനീളം അക്രമങ്ങൾ അരങ്ങേറിയ സംഭവത്തിൽ കൊല്ലം ഉഴുകുന്ന് സ്വദേശി അമർനാഥ് ബൈജു, നെല്ലിവിള സ്വദേശികളായ സുധീഷ്, അഖിൽ, നെയ്യാറ്റിൻകര സ്വദേശി ഗോകുൽ ശേഖർ, തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എംജെ സിറിൽ എന്നിവരെ പൊലീസ് ഹർത്താലിന് ആഹ്വാനം ചെയ്ത കേസിൽ അറസ്റ്റ് ചെയ്തു.

മീശയ്ക്ക് എതിരെ പ്രതിഷേധം

മാതൃഭൂമി ആഴ്ചപ്പതിൽപ്പിൽ പ്രസിദ്ധീകരിച്ച് വന്നിരുന്ന മീശ നോവലിൽ ഹൈന്ദവ സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്നു. ഒരു കഥാപാത്രത്തിന്റെ സംഭാഷണമായി വന്ന പരാമർശമാണ് നോവലിനെതിരെ പ്രതിഷേധിക്കാൻ കാരണമായത്. ഈ നോവൽ പിന്നീട് ഡിസി ബുക്സ് പുസ്തക രൂപത്തിൽ പുറത്തിറക്കി. നോവൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. നോവലിന്റെ ഏതെങ്കിലും ഭാഗം ഉയർത്തിയല്ല വിലയിരുത്തേണ്ടതെന്ന് പറഞ്ഞ കോടതി, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാനാകില്ലെന്നും പറഞ്ഞു.

വർഷാവസാനത്തിലാണ് കവിതാ മോഷണ വിവാദം ഉയർന്നുവന്നത്. കവി കലേഷ് വർഷങ്ങൾക്ക് മുൻപെഴുതിയ കവിത മാറ്റിയെഴുതി, ദീപ നിശാന്തിന്റെ പേരിൽ എകെപിസിടിഎ എന്ന അദ്ധ്യാപക സംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചു. കവിത എംജെ ശ്രീചിത്രനാണ് തനിക്ക് നൽകിയതെന്നായിരുന്നു ദീപയുടെ മറുപടി.

പികെ ശശി എംഎൽഎ യ്ക്ക് സസ്പെൻഷൻ

ഡിവൈഎഫ്ഐ നേതാവായ വനിതയുടെ പരാതിയിൽ മണ്ണാർക്കാട് എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പികെ ശശിക്ക് ആറ് മാസം പാർട്ടി സസ്പെൻഷൻ ലഭിച്ചത് ഈ വർഷമാണ്. പികെ ശശി, വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. വനിതാ നേതാവ് പാർട്ടി കേന്ദ്രകമ്മിറ്റിയ്ക്ക് അയച്ച പരാതിയെ തുടർന്നാണ് മന്ത്രി എകെ ബാലനെയും പികെ ശ്രീമതി എംപിയെയും അന്വേഷണ കമ്മിഷനായി നിയോഗിച്ചത്.

ബ്രൂവറിയിൽ നിന്ന് സർക്കാർ കൈകഴുകി

സംസ്ഥാനത്ത് മൂന്നു ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയും ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപിച്ചത്. എന്നാൽ ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും നൽകിയ അനുമതി സർക്കാർ പിന്നീട് റദ്ദാക്കി. വിവാദങ്ങൾ ഒഴിവാക്കാനായി കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ അനുമതി നൽകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതൊരു പാഠമായിരിക്കണം എന്നാണ് സർക്കാരിനെ പരോക്ഷമായി വിമർശിച്ച കാനം രാജേന്ദ്രൻ പറഞ്ഞത്.

കെടി ജലീലിനെ രാജിവയ്പ്പിക്കാൻ പ്രതിപക്ഷം

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെടി ജലീലിനെതിരെ ആരോപണങ്ങൾ ഉയർത്തിയത് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസാണ്. ബന്ധുവായ കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിക്കാൻ മന്ത്രി കെ.ടി.ജലീൽ നേരിട്ട് ഇടപെട്ടുവെന്നായിരുന്നു ആരോപണം. ഇതിനായി അടിസ്ഥാന യോഗ്യതകളിലും അധിക യോഗ്യതകളിലും മാറ്റം വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾ ശക്തമായ ഘട്ടത്തിൽ കോർപ്പറേഷന്റെ ജനറൽ മാനേജർ സ്ഥാനം കെടി അദീബ് രാജിവച്ച് ഒഴിഞ്ഞു. ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നാണ് അദീബ് ന്യൂനപക്ഷ ധനകാര്യ കമ്മിഷനിലേക്ക് വന്നത്.

മന്ത്രി കെടി ജലീൽ

മുത്തലാഖിൽ കാലുതെന്നി കുഞ്ഞാലിക്കുട്ടി

ലോക്സഭയിൽ ബിജെപി സർക്കാർ അവതരിപ്പിച്ച മുത്തലാഖ് ബില്ലിന് മുകളിൽ ചർച്ച നടക്കുന്ന സമയത്ത് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടി ദുബൈയിൽ സുഹൃത്തായ വ്യവസായിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയി. ഡിസംബർ 28 ന് നടന്ന ചർച്ചയിൽ ലീഗിന്റെ പ്രതിനിധി ഇടി മുഹമ്മദ് ബഷീർ മാത്രമാണ് പങ്കെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Express rewind political controversies kerala

Next Story
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി അംഗീകരിക്കണം; ബിജെപി നിലപാട് തള്ളി കേന്ദ്ര മന്ത്രിbjp, sabarimala, krishnapal, sreedharan pillai, shobha surendran, ie malayalam, ബിജെപി, ശബരിമല, സ്ത്രീപ്രവേശനം, ശ്രീധരന്‍പിള്ള, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com