scorecardresearch
Latest News

ലോകത്തിന് മുന്നിൽ കേരളം തലകുനിച്ച വർഷം, 2018; അരും കൊലകൾ ഇവ

ദുരഭിമാന കൊലകളും ആൾക്കൂട്ട കൊലപാതകളും രാഷ്ട്രീയ കൊലപാതകങ്ങളും കൂട്ടക്കൊലകളും നടന്ന 2018 കേരളത്തിന് എന്നും അപമാനമാണ്…

ലോകത്തിന് മുന്നിൽ കേരളം തലകുനിച്ച വർഷം, 2018; അരും കൊലകൾ ഇവ

കൊച്ചി: കേരളം നമ്പർ വൺ എന്ന പ്രചാരണം മലയാളികളാകെ ഏറ്റെടുത്തത് 2017 ലാണ്. എന്നാൽ അഭിമാനത്തിന്റെ അത്യുന്നതങ്ങളിൽ നിന്ന് അപമാനത്തിന്റെ പടുകുഴിയിലേക്ക് കേരളം തലകുത്തി വീണ വർഷമാണ് 2018. ഉത്തരേന്ത്യയിൽ മാത്രം കേട്ടുപരിചയിച്ച ആൾക്കൂട്ട കൊലപാതകങ്ങളും ദുരഭിമാന കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തെ ഞെട്ടിച്ച വർഷമാണ് കടന്നുപോകുന്നത്.

മധുവും മാണിക് റോയിയും ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകൾ

ഫെബ്രുവരി 22 വ്യാഴാഴ്ച ഉച്ചയോടെ ചിണ്ടക്കിയിലെ തേക്ക് കൂപ്പിൽ നിന്നാണ് അട്ടപ്പാടിയിലെ ആദിവാസിയായ മധുവിനെ അക്രമികൾ പിടികൂടിയത്. അരി, ബീഡി, മുളകുപൊടി തുടങ്ങിയ സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മധുവിനെ പിടികൂടിയത്. ക്രൂരമായി മർദ്ദിച്ച ശേഷം  മധുവിനെ കൈകൾ കെട്ടിയിട്ട് മുക്കാലി കവല വരെ ഉന്തിത്തള്ളി നടത്തിച്ചു. ഇതിനുപിന്നാലെ പോലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് മധു മരണപ്പെട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതേ തുടർന്ന് 16 പേരാണ് പിടിയിലായത്. കേരളത്തിലാകമാനം ഈ കൊലപാതകത്തിനെതിരെ പ്രതിഷേധം ഉയർന്നു.

കൊല്ലം അഞ്ചലിൽ മണിക് റോയി എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയതും ഈ വർഷമാണ്. കോഴിയെ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. പ​ന​യ​ഞ്ചേ​രി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മാ​ണി​ക്‌ റോ​യി​യെ ജൂൺ 24നാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. സമീപത്തെ വീട്ടില്‍ നിന്നും വാങ്ങിയ കോഴിയേയും കൊണ്ട് വരികയായിരുന്ന മാണിക്കിനെ നാട്ടുകാരായ ഏഴോളം പേർ ചേർന്നാണ് മർദ്ദിച്ചത്. തലയ്ക്ക് മാരകമായി മർദ്ദനമേറ്റ മാണിക് 21 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം മരിച്ചു. പ്രതികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

പെൺമക്കൾ പ്രണയിച്ച് വിവാഹം കഴിക്കുന്നത് അപമാനം?

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫിന്റെ (23) കൊലപാതകത്തിലേക്ക് നയിച്ചത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാം എന്നാണ് നിഗമനം.  നീനുവിന്റെ സഹോദരൻ സാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്.

കൊല്ലപ്പെട്ട കെവിനും ഭാര്യ നീനുവും

മാർച്ച് 22 ന് വൈകിട്ടാണ് മലപ്പുറം പത്തനാപുരത്ത് ആതിരയെന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. അച്ഛനായ പൂ​വ​ത്തി​ക്ക​ണ്ടി ചാ​ല​ത്തി​ങ്ങ​ൽ രാ​ജ​നായിരുന്നു കൊലയാളി. കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. തങ്ങളുടെ വീട്ടുകാരോട് വിവാഹം നടത്തിത്തരണമെന്ന് ഇരുവരും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ജാതിയില്‍ ‘താണ’ യുവാവുമായി വിവാഹം നടത്താൻ സാധിക്കില്ലെന്ന് രാജൻ നിലപാടെടുത്തു.  പോലീസ് സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ രാജന്‍ വിവാഹത്തിന് സമ്മതിച്ചു. എന്നാൽ വിവാഹത്തലേന്ന് രാജന്‍ ആതിരയെ അക്രമിക്കാനൊരുങ്ങി.  അയല്‍ വീട്ടില്‍ അഭയം തേടിയ മകളെ രാജൻ ഇവിടെയെത്തി കുത്തിക്കൊന്നു.

മലയാളികളെ കരയിച്ച അഭിമന്യു

ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യു മഹാരാജാസ് ജൂലൈ ഒന്നിന് രാത്രി 12.30 യോടെയാണ് കൊല്ലപ്പെട്ടത്. എസ്എഫ്ഐ മഹാരാജാസ് കോളേജിന്റെ കിഴക്കേ ഗേറ്റിന് സമീപം ചുവരെഴുതിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കാംപസ് ഫ്രണ്ട് പ്രവർത്തകനും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ മുഹമ്മദ്, എസ്‌ഡിപിഐ പ്രവർത്തകരെ വിളിച്ച് വരുത്തുകയും അർദ്ധരാത്രി നടന്ന അക്രമത്തിൽ അഭിമന്യു അടക്കം നാലോളം വിദ്യാർത്ഥികൾക്ക് കുത്തേൽക്കുകയുമായിരുന്നു. അഭിമന്യു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഈ അക്രമം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ കൊലയാളി അടക്കം സംഘർഷത്തിൽ പങ്കെടുത്ത ആറ് പേരെ ഇനിയും പിടികൂടിയിട്ടില്ല. അക്രമത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Sfi activist murdered, sfi activist murdered in maharajas college campus,

പത്ത് പേർ കൊല്ലപ്പെട്ട മൂന്ന് കൂട്ടക്കൊലകൾ

അങ്കമാലി കൂട്ടക്കൊല:

അങ്കമാലി മൂക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വെട്ടിക്കൊന്നത്. എരപ്പ് സ്വദേശി ശിവൻ(60), ഭാര്യ വൽസ(53), മകൾ സ്‌മിത (36) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഫെബ്രുവരി 12 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. സ്വത്ത് തർക്കത്തെ തുടർന്ന് ശിവന്റെ സഹോദരൻ ബാബുവാണ് കൊല നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ കൊരട്ടി പൊലീസ് പിടികൂടുകയായിരുന്നു.

പിണറായി കൂട്ടക്കൊല:

പിണറായി പടന്നക്കര വണ്ണത്താംവീട്ടിൽ കമല (65), കുഞ്ഞിക്കണ്ണൻ (80), ഐശ്വര്യ (ഒൻപത്) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഐശ്വര്യുടെ അമ്മയായ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്.  ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച്‌ ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് വ്യക്തമാവുകയും സൗമ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മകൾക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കൾക്കു രസത്തിലും എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മകളുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് വിഷം ഉളളിൽചെന്നാണ് മരണമെന്ന് കണ്ടെത്തിയത്. ഏപ്രിൽ 24ന് സൗമ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കണ്ണൂരിലെ വനിതാ ജയിലിൽ ആഗസ്റ്റ് 24 ന് സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗമ്യയുടെ ആത്മഹത്യാ കുറിപ്പിൽ കുറ്റം നിഷേധിച്ചതിനാൽ കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കുകയാണ്.

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ
കമ്പകക്കാനം കൂട്ടക്കൊല:

കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെ കൊന്ന്, വീടിന് സമീപത്തെ ചാണകക്കുഴിയില്‍ കുഴിച്ചു മൂടുകയായിരുന്നു.  നാലു പേരുടെ ദേഹത്തും 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നു. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒറ്റനോട്ടത്തില്‍തന്നെ കണ്ടുപിടിക്കാനാവുന്ന തരത്തില്‍ മണ്ണും കല്ലും ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്. കൃഷ്ണന്റെ പക്കലുളള മന്ത്രവാദ സിദ്ധിയും താളിയോലകളും സ്വന്തമാക്കുന്നതിനായാണ് കൊല നടത്തിയത്. കൃഷ്ണന്റെ ശിഷ്യനായിരുന്ന അനീഷ്, സുഹൃത്തായ ലിബീഷിന്റെ സഹായത്തോടെയാണ് കൊല നടത്തിയത്.

കമ്പകക്കാനം കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരും മുഖ്യപ്രതിയും (വലത്ത്)

ചോദ്യങ്ങൾ അവശേഷിപ്പിച്ച് വിദേശ വനിത ലിഗ

കോവളത്തുനിന്ന് മാർച്ച് 14 നാണ് ലാത്‌വിയൻ സ്വദേശിനിയായ ലിഗ (33)യെ കാണാതായത്. ഇവരുടെ മൃതദേഹം അഴുകിയ നിലയിൽ തിരുവല്ലം വാഴമുട്ടത്തുനിന്ന് ഏപ്രിൻ 21 ന് കണ്ടെത്തി.ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ ഡിപ്രഷന് ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല. ഇത് ബലാത്സംഗ കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉമേഷ്, ഉദയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ നിരപരാധികളാണെന്ന് വിളിച്ചുപറഞ്ഞത് ചോദ്യങ്ങൾ അവശേഷിപ്പിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട വിദേശ വനിത ലിഗ

കണ്ണൂരിനെ കണ്ണീരിലാഴ്ത്തിയ രാഷ്ട്രീയ കൊലപാതകങ്ങൾ

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്‍റായിരുന്ന ഷുഹൈബിന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. ഫെബ്രുവരി 12 ന് രാത്രി 11.30 യോടെയായിരുന്നു ആക്രമണം.  എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സിപിഎം പ്രവർത്തകനായ ആകാശ് തില്ലങ്കേരിയടക്കം ആറ് പേർ കീഴടങ്ങിയെങ്കിലും ഇവരെല്ലാം ഡമ്മി പ്രതികളാണെന്നാണ് കോൺഗ്രസ് ആരോപിച്ചു. ദിവസങ്ങളോളം കോൺഗ്രസ് പ്രവർത്തകർ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സമരം ചെയ്തു. കേസിപ്പോൾ സിബിഐ അന്വേഷിക്കുകയാണ്.

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷുഹൈബ്

മെയ് ഏഴിനായിരുന്നു പുതുച്ചേരിയിൽ പെട്ട മാഹിയിലെ പളളൂരിൽ സിപിഎം പ്രവർത്തകനായ കണിപ്പൊയിൽ ബാബു കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു ആക്രമണത്തിന് പിന്നിൽ. 12 പേരാണ് ഈ കേസിൽ അറസ്റ്റിലായത്. ഒരു മണിക്കൂർ തികയും മുൻപ് മാഹിയിൽ വച്ച് തന്നെ ആർഎസ്എസ് പ്രവർത്തകനായ ഷമേജും കൊല്ലപ്പെട്ടു. ആറ് സിപിഎം പ്രവർത്തകരെ പിന്നീട് കൊലപാതക കേസിൽ പൊലീസ് പിടികൂടി. കണ്ണൂരിലെ രാഷ്ട്രീയ പകപോക്കലിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമായി ഈ കൊലപാതക വാർത്തകൾ മാറി.

വൈദികന്റെ ജീവനെടുത്ത കപ്യാർ

തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കുത്തേറ്റ് മരിച്ചത് മാർച്ച് ഒന്നിനാണ്. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാദർ സേവ്യർ തേലക്കാട്ട് (52) മുൻ കപ്യാർ ജോണിയുടെ കുത്തേറ്റ് മരിക്കുകയായിരുന്നു. കുരിശുമലയിലെ ആറാം സ്ഥലത്ത് വച്ചായിരുന്നു കൊലപാതകം. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ പകയാണ് ജോണി തീർത്തത്. കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചു വൈദികനെ മുൻ കപ്യാരായ ജോണി കുത്തുകയായിരുന്നു. അതിനുശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഇയാൾ പിന്നീട് പിടിയിലായി.

വരാപ്പുഴയിൽ പൊലീസ് ക്രൂരത

മാർച്ച് 30 വെള്ളിയാഴ്ചയാണ് വരാപ്പുഴയില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ വാസുദേവൻ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സിപിഎം പ്രവർത്തകനായിരുന്നു ഇദ്ദേഹം.  പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ശ്രീജിത്ത് അടക്കമുളള 15 അംഗ സംഘമാണ് സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്നായിരുന്നു പൊലീസ് നിഗമനം. ആലുവ റൂറൽ എസ്‌പി ആയിരുന്ന എവി ജോർജ്ജിന്റെ റൂറൽ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥർ വരാപ്പുഴയിലെ വീട്ടിൽ നിന്നും ഏപ്രിൽ ഏഴിന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റ ശ്രീജിത്ത് ദിവസങ്ങൾക്ക് ശേഷം ജനറൽ ആശുപത്രിയിൽ മരിച്ചു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ് രക്തംവാർന്നാണ് മരണം സംഭവിച്ചത്.

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്ത്

സംഭവത്തിൽ എസ്‌പി, സിഐ ക്രിസ്‌പിൻ സാം, എസ്ഐ ദീപക്, ആർടിഎഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുളള ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. ഇവർക്കെതിരെ ഐജി ശ്രീജിത്ത് നടത്തിയ അന്വേഷണം പൂർത്തിയായതിന് പിന്നാലെ എല്ലാവരെയും സർവ്വീസിൽ തിരികെയെടുത്തു.

നെയ്യാറ്റിൻകരയിലെ സനൽകുമാർ കൊലക്കേസ്

വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുളള തർക്കമാണ് നെയ്യാറ്റിൻകരയിൽ കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിച്ചത്. നവംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം.  ഡിവൈഎസ്പി ഹരികുമാർ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. സമീപത്തെ ഒരു വീടിന് മുന്നിൽ മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കാർ പാർക്കു ചെയ്‌ത ശേഷമാണ് ഡിവൈഎസ്പി പോയത്. ഇതേച്ചൊല്ലി ഹരികുമാറും സ്ഥലവാസിയായ സനൽകുമാറും തമ്മിൽ തർക്കം ഉണ്ടാവുകയും ഇത് സംഘർഷത്തിലെത്തുകയും ചെയ്തു. പിന്നാലെ സനലിനെ ഡിവൈഎസ്പി റോഡിലേക്ക് തളളിയിട്ടു. എതിരെ വന്ന കാറിടിച്ച് സനൽ മരിച്ചത് വിവാദമായി. ഒളിവിൽ പോയ ഡിവൈഎസ്‌പിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചു. ഇതിനിടെ നവംബർ 13 ന് രാവിലെ കല്ലമ്പലത്തെ വീട്ടിന്റെ പുറകുവശത്ത് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കൊല്ലപ്പെട്ട സനൽകുമാറും ആത്മഹത്യ ചെയ്ത പ്രതി ഹരികുമാറും

റേഡിയോ  ജോക്കിയായ രാജേഷ്

ആറ്റിങ്ങൽ മടവൂരിൽ മാർച്ച് 27 ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു റെഡ് എഫ് എം മുൻ റേഡിയോ ജോക്കി ആർ രാജേഷിനെ കൊലപ്പെടുത്തിയത്. കാറിലെത്തിയ നാലംഗ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുളള സ്റ്റുഡിയോയിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.  ക്വട്ടേഷൻ നൽകിയത് രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവായ അബ്ദുൾ സത്താറായിരുന്നു.  കേസിൽ ആദ്യം പിടിയിലായ കൊല്ലം സ്വദേശി സനുവും പിന്നീട് അറസ്റ്റിലായ യാസിൻ മുഹമ്മദും കൊലയ്ക്ക് പിന്നിലെ ക്വട്ടേഷൻ അബ്ദുൾ സത്താറിന്റേതാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആക്രമണത്തിന് നേതൃത്വം നൽകിയ അലിഭായിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷ്

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Express rewind controversial murders kerala 2018