തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് എക്സ്പ്ലോസീവ് വിഭാഗം ഉപാധികളോടെ അനുമതി നല്‍കി. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താമെന്ന് എക്സ്പ്ലോസീവ് വിഭാഗം അറിയിച്ചു. കുഴിമിന്നല്‍ നാലിഞ്ചും അമിട്ട് ആറ് ഇഞ്ചും വ്യാസത്തില്‍ ഉപയോഗിക്കാം. ഗുണ്ട് 6.8 ഇഞ്ച വ്യാസത്തിൽ മാത്രമേ നിർമിക്കാൻ പാടുള്ളു എന്നതാണ് പ്രധാന ഉപാധി. പൊട്ടാസ്യം ക്ലോറൈഡ് നിരോധിച്ച് ഡൈനാമിറ്റ് ഉപയോഗവും കേന്ദ്രം വിലക്കി.

നാളെ തന്നെ എക്സ്പ്ലോസീവ് വിഭാഗം തൃശൂരില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കാത്തതിന് പൂര പ്രേമികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. വെടിക്കെട്ട് ഇല്ലെങ്കില്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം പറഞ്ഞു. പൂറ്റിങ്ങല്‍ അപകടത്തിന് പിന്നാലെയാണ് വെടിക്കെട്ടുള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടത്. എന്നാല്‍ വെടിക്കെട്ട് പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ പ്രതിഷേധങ്ങള്‍ കാരണം കഴിഞ്ഞിട്ടില്ല.

വെടിക്കെട്ടിന്റെ അനുമതി സംബന്ധിച്ച പ്രശ്‌നത്തിന് പിന്നില്‍ ശിവകാശി പടക്ക ലോബിയാണെന്നാണ് പാറമേക്കാവിന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന കൊടിയേറ്റവും പാറമേക്കാവ് ചടങ്ങായാണ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ