തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്ന ആറ് വയസുകാരിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോനമോളുടെ ചികിത്സ സർക്കാർ ഏറ്റെടുത്തത്. സോനയുടെ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും സര്‍ക്കാര്‍ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും ഫെയ്സ്ബുക്കിലൂടെ മന്ത്രി അറിയിച്ചു.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
തൃശൂർ മെഡിക്കൽ കോളേജിലെ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതെന്ന് മന്ത്രി കെ.കെ ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പിന്നീട് കോയമ്പത്തൂരിലുള്ള അരവിന്ദ് കണ്ണാശുപത്രിയിലേക്ക് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തിയെന്നും മന്ത്രി അറിയിച്ചു. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാലേ കണ്ണിൻറെ കാഴ്ച പഴയ നിലയിലാകൂ. കൂടുതൽ ചികിത്സ തൃശൂർ മെഡിക്കൽ കോളെജിൽ നടക്കും. സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Also Read: Kerala SSLC class X Result 2019: പഠിക്കാന്‍ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്: മന്ത്രി കെ.കെ.ശൈലജ

കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ ആറ് വയസ്സുകാരി സോനയെ മാര്‍ച്ച് 18നാണ് തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. മരുന്ന് കഴിച്ച് തുടങ്ങിയെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ കുട്ടിയുടെ ശരീരത്തിൽ പോളകള്‍ രൂപപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.