തിരുവനന്തപുരം: എല്‍ഡിഎഫ് വിപുലീകരണം നീളുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് കൂടതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം നില്‍ക്കുന്നവരെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചെങ്കിലും എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമാവുകയായിരുന്നു.

‘എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കും’ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫ് വിട്ട സോഷ്യലിസ്റ്റ് ജനതയും കേരള കോണ്‍ഗ്രസ്-ബിയുമാണ് ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്ന പ്രധാന കക്ഷികള്‍. മാത്യൂ ടി. തോമസ് വിഭാഗവുമായി ലയിക്കാന്‍ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.

ആര്‍.ബാലകൃഷ്ണപിള്ള, സ്‌കറിയ തോമസ് എന്നിവരുടെ കേരള കോണ്‍ഗ്രസുകള്‍ ലയിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചത്. അതേസമയം, ഒരു പാര്‍ട്ടിയോടും മറ്റു പാര്‍ട്ടികളിലേക്ക് ലയിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എ വിജയരാഘവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ