തിരുവനന്തപുരം: കര്‍ശന പരിശോധനകള്‍ക്കും നിയന്ത്രണങ്ങളുംഏര്‍പ്പെടുത്തി കണ്ണിലെണ്ണയൊഴിച്ച് എക്‌സൈസ് വകുപ്പ്. സംസ്ഥാനത്ത് ഭൂരിഭാഗം മദ്യഷാപ്പുകളും ബാറുകളും ബിയർ വൈൻ പാർലറുകളും അടച്ചതിനെ തുടര്‍ന്ന് വാറ്റ് വ്യാപകമാകുന്നുവെന്ന സൂചനയെ തുടർന്നാണ് നടപടികൾ ശക്തമാക്കാനുളള തീരുമാനം. മദ്യത്തിന് ആവശ്യമേറുന്ന വരും ദിവസങ്ങളില്‍ അവധി എടുക്കാതെ ജോലി ചെയ്യണമെന്നാണ് എക്‌സൈസ് ജീവനക്കാര്‍ക്ക് വാക്കാൽ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈസ്റ്റര്‍-വിഷുദിനങ്ങള്‍ മുന്നില്‍കണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് എക്സൈസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ആഘോഷ നാളുകള്‍ മുന്നില്‍കണ്ട് വാറ്റ് കേന്ദ്രങ്ങള്‍ കൂടുതല്‍ ന്യൂജെനാക്കുക്കയാണ് വാറ്റുവിരുതന്‍മാര്‍ എന്നാണ് എക്സൈസ് ജീവനക്കാർ പറയുന്നത്.

ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും തുരുത്തുകള്‍ തോറും പഴയ വാറ്റ് സംഘങ്ങള്‍ വ്യാപകമാകുമെന്നാണ് എക്‌സൈസ് വിലയിരുത്തുന്നത്. അതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തനമാരംഭിച്ചു. വാറ്റുന്ന രീതികളും ആധുനികവത്കരിച്ചാണ് വാറ്റുകാര്‍ എക്‌സൈസിനെ കബളിപ്പിക്കുന്നത്. പഴയ കലവും കുടവുമെല്ലാം എല്ലാവരും ഉപേക്ഷിച്ചു. ഗ്യാസ് ഉപയോഗിച്ച് “ന്യൂജെൻ”വാറ്റാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് എക്സൈസുകാർ പറയുന്നത്. മണം പുറത്ത് വരാത്തരീതിയിലാണ് ഇന്നത്തെ വാറ്റ്. അതിനാല്‍ അടുത്തുളള താമസക്കാർ പോലും അറിയില്ല. അതിനാല്‍ തന്നെ ജനത്തിരക്കുള്ള പ്രദേശത്തും ആരെയും പേടിക്കാതെ വാറ്റാന്‍ സാധിക്കും. ഇലക്ട്രിക്ക് ചിമ്മിണിയാണ് മണത്തെ പുറത്ത് വിടാതെ വാറ്റ് ഹൈടെക്ക് ആക്കുന്നത്. കോടകലക്കി കുഴിച്ചിടുന്നതും ഇപ്പോള്‍ ഒഴിവാക്കുന്നുണ്ട്. ദൂരെയുളള സ്ഥലങ്ങളില്‍ ടാങ്കുകളിലാക്കി നിക്ഷേപിച്ച് ആവശ്യാനുസരണം വാറ്റുകേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ ശൈലി.

മൊബൈല്‍ ഫോണിലൂടെ തന്നെയാണ് ഇപ്പോള്‍ വാറ്റ് കച്ചവടവും നടക്കുന്നത്. വിളിക്കുന്നയാളിനോട് പറയുന്നസ്ഥലത്ത് വരാൻ പറഞ്ഞ് വാറ്റ് നല്‍കുകയാണ് പതിവ്. നല്‍കുന്നയാൾ നേരിട്ട് നല്‍കുകയും ഇല്ല. ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിലായിരിക്കും. ആവശ്യക്കാരന് സ്ഥലം പറഞ്ഞ് നല്‍കും. അവിടെനിന്ന് സാധനമെടുത്ത് പണം വെയ്ക്കണം. വിദേശമദ്യത്തെക്കാള്‍ കുറഞ്ഞ വിലക്ക് വീര്യംകൂടിയ വാറ്റ് കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്.

ബിവറേജസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ക്യൂവില്‍ നിന്ന് മദ്യം വാങ്ങി നല്‍കിയിരുന്നവരും ഒഴിച്ചുകൊടുപ്പ് കേന്ദ്രങ്ങള്‍ നടത്തിയവരും വാറ്റിലേക്ക് തിരിഞ്ഞതായാണ് എക്സൈസിന്റെ നിഗമനം. അതിനാല്‍ ഇത്തരക്കാരെ ഏക്‌സൈസ് കര്‍ശനമായി നിരീക്ഷിക്കുകയും ചിലരെ മുന്‍കരുതലെന്ന നിലയില്‍ താക്കീത് നല്‍കി വിടുകയും ചെയ്യുന്നുണ്ട്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കര്‍ശനപരിശോധനക്കിറങ്ങുവാനാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാണ്. എക്‌സൈസ് സേനയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും വേണ്ടത്ര ആയുധങ്ങള്‍ ഇല്ലാത്തതും ഇവരെ ഭയപ്പെടുത്തുന്നുണ്ട്. ലാത്തിയല്ലാതെ ഇപ്പോഴും എക്‌സൈസിന് മറ്റ് ആധുനിക ഉപകരങ്ങളൊന്നും തന്നെയില്ല. രാത്രികാലങ്ങളിലും മറ്റും പരിശോധനക്ക് പോകുമ്പോൾ ആക്രമിക്കപെടുമോയെന്ന ഭയത്തിലാണ് പലരും. എക്‌സൈസില്‍ ആള്‍ബലം കുറവായതിനാല്‍ പരിശോധനകള്‍ ഫലപ്രാപ്തിയിലെത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ