തിരുവനന്തപുരം: മദ്യശാലകൾ തുറക്കാൻ അനുമതി നല്കിയ ഹൈക്കോടതി വിധിയെ എതിർക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. പാതയോരത്തെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും പുതിയ മദ്യനയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ടി.പി.രാമകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മതമേലധ്യക്ഷന്മാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യുഡിഎഫിന്റെ മദ്യനയത്തിന് അംഗീകാരം കിട്ടിയിരുന്നെങ്കിൽ അവർ അധികാരത്തിൽ വരുമായിരുന്നില്ലേയെന്നും രാമകൃഷ്ണന് ചോദിച്ചു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ട് 2014-ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള 40 ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഉത്തരവിനു പിന്നാലെ മാഹിയിലെ 32 ബാറുകൾ തുറക്കുമെന്ന് ബാറുടമകള്‍ അറിയിച്ചിരുന്നു.