തൃശൂർ: ലോക്ക്ഡൗണ്‍ ദിവസങ്ങളിൽ നിരവധി യുവാക്കൾ തമ്പടിക്കുന്ന പ്രദേശത്ത് പരിശോധന നടത്തി പൊലീസ്. ഇവിടെ നിന്ന് 56 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് എക്സെെസ് സംഘം കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കഞ്ചാവ് തോട്ടം എക്സെെസ് സംഘം നശിപ്പിച്ചു.
കൊടുങ്ങല്ലൂർ എറിയാട് ഐഎച്ച്ആർഡി കോളേജ് റോഡിൽ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ പിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
Read Also: കോവിഡ് ബാധിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചത് 36 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ
നിരവധി യുവാക്കൾ തമ്പടിക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. പ്രദേശത്ത് സ്ഥിരം എത്തുന്ന യുവാക്കളെയും മറ്റ് ആളുകളെയും പൊലീസ് ചോദ്യം ചെയ്യും. കഞ്ചാവ് ചെടികൾ നട്ടത് ആരാണെന്ന് അറിയാൻ പൊലീസ് അന്വേഷണം നടത്തുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
അതേസമയം, ആദ്യമായാണ് കൊടുങ്ങല്ലൂരിൽ നിന്ന് ഇത്രയധികം കഞ്ചാവ് ചെടികൾ പിടിച്ചെടുക്കുന്നതെന്ന് എക്സെെസ് പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് മദ്യം ലഭിക്കാനുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. മദ്യശാലകൾ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതായി എക്സൈസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്സെെസ് പരിശോധന കർശനമാക്കിയത്.