തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രുവറികൾ ആരംഭിക്കാൻ അനുമതി നൽകിയത് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് മറികടന്നാണെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇപ്പോൾ സർക്കാർ നൽകിയ അനുമതിപത്രം ഏത് സാഹചര്യത്തിലും റദ്ദാക്കാവുന്നതാണ്. നിലവിൽ പ്രാഥമികമായ അനുമതി മാത്രമാണ് നൽകിയിട്ടുളളതെന്നും ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ഇപ്പോൾ ഈ കമ്പനികൾക്ക് അനുമതി പത്രം മാത്രമാണ് നൽകിയിട്ടുളളത്. പരിസ്ഥിതി സംരക്ഷണ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഫയർ ആൻഡ് സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ്, റവന്യൂ വകുപ്പ്, എക്സൈസ്, പൊലീസ് എന്നിവരുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷാവകുപ്പ്, ലീഗൽ മെട്രോളജി, തദ്ദേശ വകുപ്പ് എന്നിവരുടെ അനുമതി ലഭ്യമായാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുളളൂവെന്ന് എക്സൈസ് കമ്മീഷണർ വിശദീകരിച്ചു.
കണ്ണൂരിലെ ശ്രീധരൻ ബ്രുവറീസ്, പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രുവറീസ് , എറണാകുളത്ത് പവർ ഇൻഫ്രാടെക് എന്നിവരാണ് ബ്രൂവറി തുടങ്ങുന്നതിനായി സർക്കാരിന്റെ തത്വത്തിലുളള അനുമതി ലഭിച്ചത്. നിലവിൽ സംസ്ഥാനത്ത്. മൂന്ന് ബ്രൂവറികളും 19 വിദേശ മദ്യ നിർമ്മാണ യൂണിറ്റുകളുമാണ് ഉളളതെന്നും ഋഷിരാജ് സിങ് പറഞ്ഞു
കേരളത്തിൽ വിൽക്കുന്ന ബിയറിൽ 40 ശതമാനത്തോളം ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. വിദേശ മദ്യത്തിന്റെ എട്ട് ശതമാനം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് സംബന്ധിച്ച് കെ എസ് ബി സി മാനേജിങ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രുവറി സംബന്ധിച്ച മൂന്ന് അപേക്ഷകൾ സർക്കാരിന്റെ തത്വത്തിലുളള അനുമതിക്കായി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീചക്ര ബ്രുവറീസ് 1998 ലെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2017 ൽ വീണ്ടും അപേക്ഷിച്ചത്. അതിനാൽ 1998ലെ അപേക്ഷയുമായി ചേർത്ത് പരിശോധിക്കുകയാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ 1998ലെ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നുളളതിനായി സർക്കാരിന് റിപ്പോർട്ട് നൽകിയതെന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.