കൊച്ചി: സ്റ്റോക്ക് റജിസ്റ്ററിലെ അപാകതയും വനിതകളെ മദ്യം വിളമ്പുന്നതിനായി നിയമിച്ചതിനും ബാര്‍ ഹോട്ടലിനെതിരെ എക്സൈസ് കേസ് എടുത്തു. കൊച്ചിന് ഷിപ്യാര്ഡിന് എതിര്‍വശത്തുള്ള ഹാര്‍ബര്‍ വ്യു റെസിഡന്‍സി ഹോട്ടലിലെ ഫ്ലൈ ഹൈ ബാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്ന നവീകരിച്ച ബാറിന്റെ ഉദ്ഘാടനം.
കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന പേരിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ക്ഷണക്കത്ത് പ്രചരിച്ചത്. ക്ഷണക്കത്ത് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള നൃത്ത പരിപാടിയുടേയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
വിദേശ വനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എക്സൈസ് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയത്. കേരളത്തിലെ എക്സൈസ് ചട്ട പ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്സൈസിന്റെ വാദം. സ്റ്റോക്ക് റജിസ്റ്ററിലെ അപാകതകളും വ്യക്തമായിട്ടുണ്ടെന്നും എക്സൈസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മാനേജറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
സ്ത്രീകള്‍ മദ്യവിതരണം നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. എന്നാല്‍ ഇത് തിരുവനന്തപുരത്തെ ഒരു ബാറിന് മാത്രം നല്കിയ ഇളവാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ മറുപടി. കേസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് എക്സൈസ് കമ്മിഷണര്‍ക്ക് നല്‍കും, ശേഷമായിരിക്കും തുടര്‍ നടപടികള്‍.
Also Read: ‘അനാവര്യമായ ആചാരമല്ല’; ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി