തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ചൊവ്വാഴ്ച വിവിധ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല. സ്കൂൾ രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർവകലാശാലയും അറിയിച്ചിട്ടുണ്ട്.

അതേസമയം കേരള സർവകലാശാല ഡിസംബര്‍ 17 ന് നടത്താനിരുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് (പേപ്പര്‍ -I റിസര്‍ച്ച് മെത്തഡോളജി) പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി (സിഎസ്എസ്) ഡിഗ്രി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും സർവകലാശാല അറിയിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പൊലീസ്. ഇതിനായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും. റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ തന്നെ പൊലീസ് സംഘത്തെ നിയോഗിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ പിക്കറ്റും പട്രോള്‍ സംഘവും ഇന്നു വൈകിട്ടു തന്നെ ഏര്‍പ്പെടുത്തും.

പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ എല്ലാ മാർഗങ്ങളും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. 2019 ജനുവരി ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസത്തെ നോട്ടീസ് ആവശ്യമാണ്. ഈ നിർദേശം പാലിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നിയമവിധേയമല്ലയെന്നും പൊലീസ് വ്യക്തമാക്കി.

നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ നിയമ വിരുദ്ധമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താൽ പ്രഖ്യാപനം മുൻകൂർ നോട്ടിസില്ലാതെ യാണെന്നും ഒരാഴ്ചത്തെ നോട്ടീസ് നൽകാതെ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ കോടതിയലക്ഷ്യമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹർത്താലിൽ അക്രമ സംഭവങ്ങൾ നേരിടാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.