തിരുവനന്തപുരം: കിളിമാനൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം. അലിബായി എന്ന് വിളിപ്പേരുളള ഓച്ചിറക്കാരൻ ആണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ. കൊലപാതകം നടന്നതിന്റെ മൂന്നാം ദിവസം തന്നെ വ്യാജ പാസ്പോർട് ഉപയോഗിച്ച് കാഠ്മണ്ഡു വഴി ഇയാൾ ഖത്തറിലേക്ക് കടന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

രാജേഷുമായി അടുപ്പമുണ്ടായിരുന്ന വിദേശത്തുളള സ്ത്രീയുടെ ഭര്‍ത്താവായ വ്യവസായിയാണ് നൽകിയ ക്വട്ടേഷന്‍ പ്രകാരമാണ് കൊല നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ക്വട്ടേഷൻ ഏറ്റെടുത്ത മുഖ്യപ്രതി രാജേഷ് കൊല്ലപ്പെട്ടതിന്റെ തലേദിവസം കേരളത്തിലെത്തി. രാജേഷ് കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിവസം തിരികെ ഖത്തറിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മൂന്നു പേർ ചേർന്നാണ് കൊല നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെല്ലാം തന്നെ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന.

ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് പൊലീസ്. ക്വട്ടേഷൻ നൽകിയ രാജേഷിന്റെ പെൺ സുഹൃത്തിന്റെ ഭർത്താവിനെയും നാട്ടിലെത്തിക്കാനുളള നടപടികൾ പൊലീസ് തുടങ്ങി. ഖത്തറിലുളള സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷ് ആക്രമിക്കപ്പെടുന്ന സമയത്തും സ്ത്രീയുമായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഈ സ്ത്രീ ഉടൻ നാട്ടിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹമാണു പൊലീസിനെ വിവരമറിയിച്ചത്.

കിളിമാനൂർ മടവൂരിലെ ‘നൊസ്റ്റാൾജിയ’ നാടൻപാട്ട് സംഘാംഗവും ഗാന സംവിധായകനുമായ രാജേഷ് കുമാറിനെ (34) സ്വന്തം സ്റ്റുഡിയോയിൽ കയറിയാണ് അക്രമിസംഘം വെട്ടിക്കൊന്നത്. മടവൂർ ജംക്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാർന്നാണു മരണം.

പത്തു വർഷത്തോളം ‘റെഡ് എഫ്എമ്മി’ലെ റേഡിയോ ജോക്കിയായിരുന്നു. ഒരു വർഷത്തിനു മുൻപ് ഖത്തറിൽ പോയിരുന്നു. പത്തുമാസത്തിനുശേഷം തിരികെ നാട്ടിലത്തി. നാട്ടിൽ വന്നശേഷമാണു നാടൻപാട്ട് സംഘത്തിൽ ചേർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ