scorecardresearch
Latest News

ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കുന്നു, കളളക്കേസില്‍ കുടുക്കാന്‍ ശ്രമം; എം.എംമണിക്കെതിരെ എസ്.രാജേന്ദ്രന്‍

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കുന്നു, കളളക്കേസില്‍ കുടുക്കാന്‍ ശ്രമം; എം.എംമണിക്കെതിരെ എസ്.രാജേന്ദ്രന്‍

ഇടുക്കി: എം.എം.മണിക്കെതിരെ ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുളളവരെ കളളക്കേസില്‍ കുടുക്കാനും എം.എം.മണി അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. മണിയുള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ല. മണിയും കെ.വി.ശശിയും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു.

പ്രമുഖ പാര്‍ട്ടികളെല്ലാം അവര്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചു. എന്നാല്‍ സിപിഎമ്മില്‍ തുടരാനാണ് താത്പര്യം. ഇത്രയും കാലത്തെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് എതിരായിട്ടായിരുന്നുവെന്ന് ഏരിയ സെക്രട്ടറി പറഞ്ഞപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പാര്‍ട്ടിയില്‍ നിന്ന് പോയെന്നോ പോകുമെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കള്‍ക്ക് മുന്നില്‍ പോകാനില്ലെന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നുള്ള എം.എം.മണിയുടെ പ്രസംഗം പുറത്ത് വന്നത്. ഇതിനു പിന്നാലെയാണ് മണിയുള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന രാജേന്ദ്രന്റെ പ്രസ്താവന.

മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പേരിലുള്ള സിപിഎം നേതാക്കളുടെ ഇടപാടുകള്‍ പരിശോധിക്കണമെന്നും എസ്.രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് 29.5 കോടി രൂപ മുടക്കി റിസോര്‍ട്ട് വാങ്ങിയിരുന്നു. ബാങ്കിനെതിരെയും ഭരണസമിതിക്കെതിരെയും ഹൈക്കോടതിയില്‍ അടക്കം കേസ് നിലനില്‍ക്കുന്നതിനിടെ നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നാണ് എം.എം.മണി പ്രതികരിച്ചത്. പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകും. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ക്രെഡിറ്റായി കാണുന്നു. രാജേന്ദ്രന് ഈ പാര്‍ട്ടിയെക്കുറിച്ച് വലിയ അറിവില്ല. അയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. അയാളെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നും മണി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ex mla rajendran against mm mani