കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ ഇന്ന് തന്നെ സംസ്കാരം ഉണ്ടാകുമെന്നാണ് വിവരം.

വയനാട്ടിൽ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. കക്കോടിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

എകെ ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയിൽ 1995 മെയ് 03 മുതൽ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്ന അദ്ദേഹം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ ആരോഗ്യ വകുപ്പ് മന്ത്രിയായായും പ്രവർത്തിച്ചു. 2006 ജനുവരി 14ന് അദ്ദേഹം സ്ഥാനം രാജിവച്ചു.

Read More: രണ്ടാം ഡ്രൈ റൺ മറ്റന്നാൾ; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലേക്ക്

മൂന്ന് തവണ ബത്തേരിയിൽ നിന്നും മൂന്ന് തവണ കൽപ്പറ്റയിൽ നിന്നും എംഎൽഎ ആയി. ഒരു തവണ തോറ്റു. കോഴിക്കോട് റൂറൽ ഡിസിസി പ്രസിഡണ്ടായിരുന്നു. കേണിച്ചിറയിൽ സ്കൂൾ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവൻ സമയ പൊതു പ്രവർത്തനത്തിലേക്ക് കടന്നത്.

2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook