തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരന്‍, എ.കെ.ആന്റണി എന്നിവരുടെ മന്ത്രിസഭകളില്‍ രണ്ടുവട്ടം വീതം മന്ത്രിയായിരുന്നു. തൊഴില്‍, എക്‌സൈസ്, വൈദ്യുതി, ആരോഗ്യം, വനം, ഗ്രാമവികസനം, ഭവനനിര്‍മാണം തുടങ്ങിയ പ്രധാന വകുപ്പുകള്‍ അദ്ദേഹം കൈക്കാര്യം ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും. ആര്‍.എസ്.പിയില്‍ നിന്നാണ് ശിവദാസന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തുന്നത്. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന് വേരോട്ടം ഉണ്ടാക്കിയതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ശിവദാസന്‍.
ഇന്ന് രാവിലെ 10 മുതല്‍ കൊല്ലം ഡിസിസിയിലും 11.30 മുതല്‍ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അവശതയിലായിരുന്ന ശിവദാസനെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1980, 82 വര്‍ഷങ്ങളില്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായും 1991, 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും കടവൂര്‍ മത്സരിച്ച് വിജയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂര്‍ ശിവദാസന്റേതായിരുന്നു.
ഭാര്യ: വിജയമ്മ. മക്കള്‍: മിനി എസ്, ഷാജി ശിവദാസന്‍.