ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഭരണത്തിൽ വന്ന ശേഷമുണ്ടായ പൊലീസ് വീഴ്ചകൾ അക്കമിട്ട് ഉന്നയിച്ച് സുപ്രീം കോടതിയിൽ മുൻ ഡിജിപി. കഴിവുകെട്ട ഉദ്യോഗസ്ഥനാണ് താനെന്ന സംസ്ഥാന സർക്കാർ നിലപാടിനെയാണ് ടി.പി.സെൻകുമാർ കടന്നാക്രമിച്ചത്.

പൊലീസ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനൊപ്പം, കേരളത്തിൽ ഈ അടുത്ത കാലത്തുണ്ടായ 13 രാഷ്ട്രീയ കൊലപാതകങ്ങളുടെ സന്പൂർണ്ണ വിവരങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ട് അപകടം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡിജിപി യെ മാറ്റിയതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.

മാർച്ച് എട്ടിന് സംസ്ഥാന നിയമസഭയിൽ മുൻ ഡിജിപി യുടെ സ്ഥാന ചലനത്തിന് കാരണം ജിഷ വധക്കേസ് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സെൻകുമാറിന്റെ സത്യവാങ്ങ്മൂലത്തിലുണ്ട്. പുറ്റിങ്ങൽ കേസിൽ എന്റെ പ്രത്യേക നിരീക്ഷണങ്ങൾ കേസ് ഫയലിൽ നിന്ന് കാണാതായതായി അദ്ദേഹം ആരോപിക്കുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മികച്ച ഉദ്യോഗസ്ഥനായുള്ള തിരഞ്ഞെടുപ്പിൽ പത്തിൽ പത്ത് മാർക്ക് നേടിയ ആളാണ് താൻ. പുതിയ സർക്കാർ വന്നപ്പോൾ താൻ കഴിവുകെട്ട ഉദ്യോഗസ്ഥനായത് എന്തുകൊണ്ടാണ്?

താൻ രാഷ്ട്രീയ എതിരാളിയല്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ തന്നെ മാറ്റിയ വിഷയം നിയമസഭയിൽ വന്നപ്പോൾ താൻ എതിർരാഷ്ട്രീയ ചേരിയിലുള്ളയാളാണോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു.

തന്നെ മാറ്റിയ വിഷയം മന്ത്രിസഭ യോഗ തീരുമാനം ആണെന്ന് പറയുന്നെങ്കിലും ഇത് സാധൂകരിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടില്ല. ഇക്കാര്യം തെളിയിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.

സാമൂഹിക സുരക്ഷാ കമ്മിഷനെ നിയമിച്ചിട്ടില്ലെന്ന വാദം തെറ്റാണ്. 2011 ൽ ഈ കമ്മിഷനും രൂപം നൽകിയിട്ടുണ്ട്. ഇവരോട് ചോദിക്കാതെ ഡിജിപി യെ മാറ്റരുത്. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റി.

ഇങ്ങിനെ നീളുന്നു മുൻ ഡിജിപി യുടെ ആരോപണങ്ങൾ. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊലചെയ്യപ്പെട്ടവരുടെ കാര്യത്തിൽ സിപിഎമ്മിനെതിരെ ശക്തമായ നിലപാടെടുത്തെന്നാണ് സെൻകുമാറിന്റെ ആരോപണം. എന്നാൽ ജിഷ കേസിലും പുറ്റിങ്ങൽ അപകടത്തിലും പൊലീസിനുണ്ടായ വീഴ്ചകൾ മറച്ചുവെച്ചുവെന്നാണ് സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ