കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടും, അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നീ പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടുകൂടിയാണ് ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ആദ്യ ജാമ്യഹര്‍ജി തള്ളിയതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യം നിലവിലില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പുറത്തിറക്കിയ എട്ട് പേജ് വിധി പകർപ്പിൽ ദിലീപിനെതിരെ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചതായും വ്യക്തമാണ്.

ആലുവ പൊലീസ് ക്ലബിൽ നിന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനി ദിലീപിനയച്ച ശബ്ദ സന്ദേശവും അന്വേഷണ സംഘം തെളിവാക്കി. ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശമാണ് പൾസർ സുനി ദിലീപിന് അയച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം ദിലീപിനെ ബന്ധപ്പെടാൻ പൾസർ സുനിയെ സഹായിച്ച പൊലീസുകാരന്റെ മാപ്പപേക്ഷയും ദിലീപിനെതിരായ തെളിവായി. അന്ന് പോലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ മുഖേനെയാണ് സുനി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ ശ്രമിച്ചത്. ഈ പോലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇത് ചെയ്തത്. ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പോലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പോലീസുകാന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ പുറത്തുവന്നു. ഈ പൊലീസുകാരൻ കേസിൽ പ്രതിയായേക്കുമെന്ന് സൂചനയുണ്ട്.

ദിലീപിനെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നുണ്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഈ കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം തന്നെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയില്‍ വലിയ സ്വാധിനമുള്ളയാളാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കിയാല്‍ സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ജയിലില്‍ നിന്ന് ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതും, ദിലീപിനയച്ച കത്തും നിര്‍ണായകമാണ്. ആദ്യ ജാമ്യ ഹര്‍ജി തള്ളിയതില്‍ നിന്നു വ്യത്യസ്തമായ സാഹചര്യം നിലനില്‍ക്കുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യം നൽകേണ്ടതില്ല എന്നാണ് കോടതി വിധിച്ചത്.

പ്രോസിക്യൂഷന്റെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദിലീപിന്റെ പ്രധാന സഹായിയായ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുകയും ചെയ്തിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും വിധിയിൽ പറയുന്നു. പ്രതിയ്ക്ക് ആക്രമിക്കപ്പെട്ട നടിയോട് തന്റെ ആദ്യ വിവാഹ ബന്ധം തകര്‍ത്തതുമായി ബന്ധപ്പെട്ട് വ്യക്തി വിരോധമുണ്ടെന്നും കേസില്‍ ഒന്നാം പ്രതിയായ സുനില്‍ കുമാറിന് ദിലീപ് പതിനായിരം രൂപ കൈമാറി എന്നതുമായ പ്രേസിക്യൂഷന്‍ തെളിവുകള്‍ ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ